മലങ്കര കനാല്‍ വഴിയുള്ള ജലസേചനം ഇനിയും തുടങ്ങാനായില്ല


മുട്ടം: മലങ്കര കനാല്‍ വഴിയുള്ള ജലസേചനം ഇനിയും തുടങ്ങാനായില്ല. മഴ നിലക്കുകയും ചൂട് കൂടുകയും ചെയ്തതോടെ കനാലിനെ ആശ്രയിച്ച് കൃഷി ഇറക്കിയവര്‍ ദുരിതത്തിലായിരിക്കുകയാണ്.കനാല്‍ തീരങ്ങളിലെ കിണറുകളും വറ്റിത്തുടങ്ങി.രണ്ടു മാസമായി ജലാശയത്തില്‍ ജലനിരപ്പ് ഏറെ താഴ്ന്ന് നിലയിലായിരുന്നു.വൈദ്യുതി ഉപഭോഗം കുറവായതിനാല്‍ മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉല്‍പാദനം കുറച്ചതാണ് ജലനിരപ്പ് താഴാന്‍ കാരണം. ഡിസംബര്‍ ആദ്യവാരം മലങ്കര ജലാശയത്തിലെ ഇടത്-വലതുകര കനാലുകളില്‍ വെള്ളം തുറന്ന് വിടാറുള്ളതാണ്. ഇത്തവണ മഴ കുറഞ്ഞതിനാല്‍ ജലനിരപ്പ് വളരെയധികം താഴ്ന്നതാണ് പ്രതിസന്ധിക്ക് കാരണം.കനാല്‍ വരണ്ടതോടെ കനാലിനെ ആശ്രയിച്ച് കഴിയുന്നവരും കൃഷിക്കാരുമാണ് ഏറെ വലയുന്നത്. ഇതോടൊപ്പം തെക്കുംഭാഗം, ഇടവെട്ടി, കുമാരമംഗലം പഞ്ചായത്തുകളിലും കുടിവെള്ളത്തിന് നെട്ടോട്ടം തുടങ്ങി. മലങ്കര കനാലിലൂടെ എത്തുന്ന വെള്ളമാണ് കനാലിന് ചുറ്റുപാടുമായി താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ കിണറുകളില്‍ എത്തുന്നത്.
കനാലിലെ വെള്ളം സമീപവാസികള്‍ കുളിക്കുന്നതിനും അലക്കുന്നതിനും ഉപയോഗിച്ചിരുന്നു. സമീപത്തെ ഏക്കറു കണക്കിന് കൃഷിക്കും കനാല്‍ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. സമീപത്തെ ചെറുതോടുകളും ജലസംഭരണികളും സജീവമാകുന്നതും ഈ വെള്ളമെത്തുന്നത് കൊണ്ടുമാത്രമാണ്.
കനാലിലൂടെ വെള്ളം ഒഴുക്കണമെങ്കില്‍ ഡാമില്‍ 41 മീറ്റര്‍ വെള്ളമാണ് അവശ്യം. നിലവില്‍ 39 മീറ്റര്‍ ജലമുണ്ട്. ഇത് ഇരുകനാലിലേക്കും ഒഴുക്കുന്നതിന് പര്യാപ്തമല്ല. വരും ദിവസങ്ങളില്‍ ജലനിരപ്പ് 41 മീറ്ററിലേക്ക് എത്തിക്കും. ഇടത്-വലതുകര എന്നിങ്ങനെ 70 കിലോമീറ്ററോളം ദൂരമാണ് മലങ്കര കനാലൊഴുകുന്നത്.
കനാല്‍ വഴി വെള്ളം എത്തുന്ന ഇടവെട്ടി, കുമാരമംഗലം, കല്ലൂര്‍കാട്, മണക്കാട്, അരിക്കുഴ തുടങ്ങിയ പഞ്ചായത്തുകളിലും കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടത്തിലാണ്. ഡാമിനും കനാലിനും സമീപപ്രദേശങ്ങളിലെ കിണറുകള്‍ വറ്റിയതോടെ ഈ പ്രദേശത്തും കുടിവെള്ളത്തിനായി നാട്ടുകാര്‍ ബുദ്ധിമുട്ടിലായി.
അടുത്തിടെ മലങ്കര ജലാശയത്തിലെ അറ്റകുറ്റപ്പണിമൂലം കനാലിലെ വെള്ളം മാസങ്ങള്‍ക്ക് മുമ്ബ് തുറന്നുവിട്ടതും പ്രതിസന്ധിക്ക് ഇടയാക്കി. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉല്‍പാദനത്തിനുശേഷം പുറം തള്ളുന്ന ജലമാണ് മലങ്കര ജലാശയത്തിലേക്ക് എത്തുന്നത്. ഈ ജലം ഉപയോഗിച്ച് മുട്ടം മിനി പവര്‍ ഹൗസില്‍ മൂന്ന് മെഗാ യൂനിറ്റോളം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. മാസങ്ങളായി ഇതേനിലയിലാണ് തുടരുന്നത്.