പി എസ് സി പരീക്ഷ എഴുതാൻ പോയ യുവാവിനെ തടഞ്ഞുവെച്ച് അവസരം നഷ്ടപ്പെടുത്തിയ സംഭവം; പോലീസ് ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചുവരുത്തും
ഗതാഗത നിയമ ലംഘനം നടത്തി എന്നാരോപിച്ച് പി എസ് സി പരീക്ഷ എഴുതാന്‍ പോയ യുവാവിനെ തടഞ്ഞുവച്ച് അവസരം നഷ്ടപ്പെടുത്തിയ ഫറോക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമ്മീഷന്‍ വിളിച്ചു വരുത്തും.
നവംബര്‍ 29 ന് രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നേരിട്ട് ഹാജരാകാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം നോട്ടീസ് നല്‍കിയത്.
ഫറോക്ക് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ നോട്ടീസയച്ചത്. ഉത്തരവാദിയായ ഉദ്യോഗസ്ഥനെ എ സി പി സിറ്റിംഗില്‍ ഹാജരാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. രാമനാട്ടുകര മുട്ടുംകുന്ന് സ്വദേശി ടി. കെ അരുണിനാണ് സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തി കാരണം പരിക്ഷയെഴുതാന്‍ അവസരം നഷ്ടമായത്. പരാതിയെ കുറിച്ച് ഫറോക്ക് അസിസ്റ്റന്റെ കമ്മീഷണര്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പിഎസ്സി പ്രിലിമിനറി പരീക്ഷ എഴുതാന്‍ പോയ രാമനാട്ടുകര സ്വദേശി അരുണിനെ ട്രാഫിക്ക് നിയമം ലംഘിച്ചെന്ന് പറഞ്ഞ് സീനിയര്‍ സിപിഒ രഞ്ജിത്ത് പ്രസാദ് തടഞ്ഞു വയ്ക്കുകയായിരുന്നു. അരുണിന്റെ ബൈക്കിക്കിന്റെ താക്കോല്‍ ഊരിയെടുത്ത രഞ്ജിത്ത് പരീക്ഷ എഴുതുന്നത് വൈകിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ എസ്‌ഐ പി ഹനീഫയുടെ സഹായത്തോടെ പരീക്ഷാ കേന്ദ്രത്തിലെത്തിയെങ്കിലും പരീക്ഷ തുടങ്ങിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് അരുണിന് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് അരുണ്‍ ഫറോക്ക് എസിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സീനിയര്‍ സിപിഒ രഞ്ജിത്ത് പ്രസാദിനെ സസ്‌പെന്റ് ചെയ്തിരുന്നു.
വാര്‍ത്ത പുറത്തുവന്നതോടെ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയായിരുന്നു.