ഉയർന്ന തസ്തികകളിൽ പി.എസ്.സി എഴുത്തുപരീക്ഷക്ക്
തിരുവനന്തപുരം: ബിരുദം യോഗ്യതയായ ഉയർന്ന തസ്തികകളിൽ പ്രധാനപരീക്ഷകൾ വിവരണാത്മകമാക്കുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ. വിരമിക്കുന്നതിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രിലിമിനറിക്ക് ശേഷം നടത്തുന്ന മുഖ്യ പരീക്ഷയാണ് ഈ രീതിയിലേക്ക് മാറ്റുക.
ആദ്യഘട്ടം സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പോലുള്ള തസ്തികളിലാവും എഴുത്തുപരീക്ഷ. നിലവിൽ കെ.എ.എസ്, കോളജ് അധ്യാപക തസ്‌തിക എന്നിവ എഴുത്തുപരീക്ഷ രീതിയിലാണ്. ഉദ്യോഗാർഥികളുടെ ഭാഷാ നൈപുണ്യം, വിഷയത്തെക്കുറിച്ചുള്ള അറിവ് തുടങ്ങിയവ ബോധ്യപ്പെടാനാണിത്. ഇത്തരം ഉത്തരക്കടലാസുകൾ പരിശോധിക്കാൻ സർവകലാശാലകളിൽനിന്ന് വിരമിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും.
50 ശതമാനം പരീക്ഷകൾ ഇനി ഓൺലൈനായി നടത്തും. ഓരോ തസ്തികയ്ക്കും ആവശ്യപ്പെടുന്ന വിദ്യാഭ്യാസ യോഗ്യതയുടെ തത്തുല്യമായ യോഗ്യത യു.ജി.സി അംഗീകാരമുള്ളതാണെങ്കിൽ അവ പ്രൊഫൈലിൽ ചേർക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കും മക്കൾക്കും മത്സ്യഫെഡിൽ ജോലി നൽകാൻ തസ്‌തിക സൃഷ്ടിച്ച് നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.