കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ കണ്ടെത്തി; ബലക്ഷയം സംഭവിച്ചിട്ടില്ലെന്ന് കെഎംആർഎൽ


കൊച്ചി: ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ കണ്ടെത്തി. തറനിരപ്പിൽ നിന്ന് എട്ടടി ഉയരത്തിലാണ് വിള്ളൽ. വിശദമായ പരിശോധന നടത്തിയെന്നും തൂണിന് ബലക്ഷയം ഉണ്ടായിട്ടില്ലെന്നും കെഎംആർഎൽ പ്രതികരിച്ചു. ആലുവ ബൈപ്പാസിനോട് ചേർന്നുള്ള പില്ലർ നമ്പർ 44 ലാണ് വിള്ളൽ കണ്ടെത്തിയത്. തൂണിന്‍റെ പ്ലാസ്റ്ററിങ്ങിലാണ് വിടവ്. മാസങ്ങൾക്ക് മുമ്പ് ചെറിയ രീതിയിൽ ആരംഭിച്ച വിള്ളൽ വർദ്ധിക്കുന്നതായി സംശയിക്കുന്നുവെന്ന കാര്യം നാട്ടുകാരാണ് അറിയിച്ചത്.
അതേ സമയം മറ്റ് തൂണുകൾക്കൊന്നും ഈ പ്രശ്നമില്ല. ഇക്കാര്യം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിശദമായ പരിശോധന നടത്തിയെന്നും കെഎംആർഎൽ പ്രതികരിച്ചു. തൂണിന് ബലക്ഷയമില്ലെന്നാണ് കെഎംആർഎല്ലിന്‍റെ വിശദീകരണം. ഇടപ്പള്ളി പത്തടിപ്പാലത്ത് തൂണിന് കേടുപാടുകൾ സംഭവിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഒരു മാസത്തോളം മെട്രോ സർവീസുകളെ ബാധിച്ചിരുന്നു.
പരിശോധന പൂർത്തിയാകുന്നതുവരെ ഈ ഭാഗങ്ങളിൽ സർവീസ് വേഗത കുറച്ചിരുന്നു. അന്തിമ പരിശോധന പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ ഈ പാതയിലെ മെട്രോ സർവീസ് സാധാരണ വേഗതയിൽ എത്തുമെന്ന് കമ്പനി അറിയിച്ചു.