ആപ്പിൾ എയർപോഡുകൾ ഇന്ത്യയിൽ നിർമിക്കുന്നത് ഹൈദരാബാദിൽ: റിപ്പോർട്ട്
ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ തങ്ങളുടെ വയർലെസ് ഇയർ ബഡ്‌സ് എയർപോഡുകളുടെ നിർമ്മാണം ഫോക്‌സ്‌കോണിന്റെ ഹൈദരാബാദ് ഫാക്ടറിയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. 2024 ഡിസംബറിൽ വൻതോതിൽ ഉൽപ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹൈദരാബാദ് പ്ലാന്റിനായി 400 മില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപത്തിന് ഫോക്‌സ്‌കോൺ അനുമതി നൽകിയിട്ടുണ്ട്.
“ഫോക്‌സ്‌കോൺ ഹൈദരാബാദ് ഫാക്ടറി എയർപോഡുകൾ നിർമ്മിക്കും. ഫാക്‌ടറി ഡിസംബറോടെ വൻതോതിൽ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നും പിടിഐ റിപ്പോർട് ചെയ്തു. ഐഫോണിന് ശേഷം ഇന്ത്യയിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ആപ്പിൾ ഉൽപ്പന്നമായിരിക്കും എയർപോഡുകൾ. ആപ്പിളിന്റെ എയർപോഡുകൾ ആഗോളതലത്തിൽ TWS (ട്രൂ വയർലെസ് സ്റ്റീരിയോ) വിപണിയിൽ മുന്നിലാണ്.
2022 ഡിസംബർ പാദത്തിൽ ഏകദേശം 36 ശതമാനം വിപണി വിഹിതവുമായി ഇത് ആഗോള TWS വിപണിയെ നയിച്ചു എന്നാണ് ഗവേഷണ സ്ഥാപനമായ കനാലിസിന്റെ റിപ്പോർട്ടിൽ പറയുന്നത്. 7.5 ശതമാനം വിപണി വിഹിതവുമായി സാംസംഗും, 4.4 ശതമാനം വിഹിതവുമായി ഷിയോമിയും 4 ശതമാനം വിഹിതവുമായി ബോട്ടും 3 ശതമാനവുമായി ഓപ്പോ ആപ്പിളിന് പിന്നാലെയുണ്ട്.