വിരമിച്ചിട്ടില്ല; തിരിച്ചു വരാനുള്ള സാധ്യതകൾ കൂടുതലെന്ന് സെറീന വില്യംസ്
ന്യൂയോര്‍ക്ക്: ടെന്നീസിൽ നിന്നും വിരമിച്ചിട്ടില്ലെന്ന് ടെന്നിസ് ഇതിഹാസം സെറീന വില്യംസ്. 23 തവണ ഗ്രാൻഡ്സ്ലാം കിരീടം നേടിയ സെറീന തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ടെന്നീസ് കോർട്ടിലേക്ക് താൻ തിരിച്ചു വരാനുള്ള സാധ്യത കൂടുതലാണെന്ന് സെറീന വില്യംസ് പറഞ്ഞു.
ഓഗസ്റ്റ് ഒമ്പതിനാണ് സെറീന വില്യംസ് ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ടെന്നീസിൽ നിന്നും അകന്നു നിൽക്കുകയാണെന്നാണ് സെറീന അന്നു പറഞ്ഞത്. “പരിണാമം എന്ന വാക്കാണ് ഇതിന് ഏറ്റവും യോജിക്കുന്നത്. ഇനി കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണം. വിരമിക്കൽ എന്ന വാക്ക് താൻ ഇഷ്ടപ്പെടുന്നില്ല. ഇതൊരു മാറ്റമായി മാത്രമാണ് കാണുന്നത്.” സെറീന പറഞ്ഞു.
ഇതുവരെ 23 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് സെറീന സ്വന്തമാക്കിയത്. കിരീടം നേട്ടത്തിൽ മാർഗരറ്റ് കോർട്ടിന് പിന്നിൽ രണ്ടാമതാണ് സെറീനയുടെ സ്ഥാനം. 24 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് മാർഗരറ്റ് സ്വന്തമാക്കിയത്.