രാജി വെക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചു; പ്രത്യേക ബെഞ്ച് ഇന്ന് വൈകിട്ട് പരിഗണിച്ചേക്കും


ഇന്ന് രാവിലെ 11.30നുള്ളില്‍ രാജിവെക്കണമെന്ന് സംസ്ഥാനത്തെ ഒമ്ബത് സര്‍വ്വകലാശാല വിസിമാരോടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് രാജിവെച്ചൊഴിയാന്‍ ആവശ്യപ്പെട്ടത്.എന്നാല്‍ ഈ സമയപരിധിക്കുള്ളില്‍ രാജി സമര്‍പ്പിക്കാന്‍ ഒമ്ബതുപേരും തയ്യാറായില്ലെന്ന് മാത്രമല്ല ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടിയതിന് പിന്നാലെയാണ് വിസിമാരുടെ ഈ നീക്കം. ഇന്ന് വൈകീട്ട് നാല് മണിക്ക് സര്‍വകലാശാല കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഹൈക്കോടതി ബെഞ്ച് വിഷയം പരിഗണിച്ചേക്കും.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി യുജിസി ചട്ടങ്ങള്‍ പാലിക്കാതെ നിയമനം നേടിയ സംസ്ഥാനത്തെ ഒമ്ബത് സര്‍വകലാശാലയിലെ വിസിമാരോട് രാജിവെക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
അതേസമയം വിസിമാര്‍ക്ക് നല്‍കിയ സമയപരിധി അവസാനിച്ചത് സംബന്ധിച്ച് രാജ്ഭവനുമായി ബന്ധപ്പെട്ടാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാമെന്നാണ് ഗവര്‍ണര്‍ മറുപടി നല്‍കിയത്. നിങ്ങളില്‍ യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ ആര്, പാര്‍ട്ടി കേഡര്‍മാര്‍ ആര് എന്ന് എനിക്കറിയില്ലെന്നും യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ രാജ്ഭവനുമായി ബന്ധപ്പെട്ടാല്‍ പ്രതികരിക്കാമെന്നുമാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്.