നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി


ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അജയ് രസ്തോഗി വിചാരണ നടത്തുന്ന ജഡ്ജിയോട് വായടച്ച് ഇരിക്കാൻ ആവശ്യപ്പെടാനാവില്ലെന്ന് വ്യക്തമാക്കി. ഭർത്താവിനെതിരെ ആരോപണം ഉള്ളത് കൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തിൽ നിർത്താനാകുമെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി എടുത്ത തീരുമാനത്തിൽ സുപ്രീം കോടതി തീരുമാനമെടുക്കുന്നത് നല്ല കീഴ്വഴക്കമല്ലെന്നും ഇത്തരം ഹർജികൾ ജുഡീഷ്യൽ ഉദ്യോഗസ്ഥയ്ക്ക് മേൽ സമ്മർദ്ദത്തിന് ഇടയാക്കില്ലേ എന്നും ചോദിച്ചാണ് കോടതി ഹർജി തള്ളിയത്.
കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസിലെ എട്ടാം പ്രതിയായ ദിലീപിന് വിചാരണക്കോടതി ജഡ്ജിയുമായും ഭർത്താവുമായും അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകൾ ഉണ്ടെന്നും ആരോപിച്ചായിരുന്നു ഹർജി. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തമായ വിചാരണ ഉണ്ടാകില്ലെന്ന് ആശങ്കയുണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു.