രാജ്യത്തെ 75,000 യുവാക്കള്‍ക്ക് ഉടന്‍ നിയമന ഉത്തരവ് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ 75,000 യുവാക്കള്‍ക്ക് ഉടന്‍ നിയമന ഉത്തരവ് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗര്‍ മേള’ എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 22 ന് വിഡിയോ കോണ്‍ഫറന്‍സ് വഴി തുടക്കം കുറിക്കും.
വിവിധ കേന്ദ്ര മന്ത്രിതല, സര്‍ക്കാര്‍ വകുപ്പുകളിലേക്കാണ് നിയമനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
75,000 യുവാക്കള്‍ക്ക് ദീപാവലിക്ക് മുന്‍പായി നിയമനത്തിനുള്ള കത്ത് നല്‍കുമെന്നാണ് പ്രധനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രതിരോധ, റെയില്‍വേ, ആഭ്യന്തര, തൊഴില്‍, വകുപ്പുകളിലേക്കും കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, സി.ബി.ഐ, കസ്റ്റംസ്, ബാങ്കിങ് എന്നിവയിലേക്കുമാണ് നിയമനം.
തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ 18 മാസത്തിനുള്ളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഈ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദീപാവലിക്ക് മുന്‍പായി റാങ്ക് ലിസ്റ്റിലുള്ളവരുമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫ്രന്‍സിലൂടെ സംവദിക്കും. ഈ യോഗത്തിലായിരിക്കും നിയമന ഉത്തരവ് കൈമാറുക. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നായി കേന്ദ്രമന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കും.