അട്ടപ്പാടി മധുകൊലക്കേസില്‍ വീണ്ടും അസാധാരണ സംഭവം
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ വീണ്ടും അസാധാരണ സംഭവം. കൂറുമാറിയ സാക്ഷി കക്കി ഇന്ന് വീണ്ടും പ്രോസിക്യൂഷന്‍ അനുകൂല മൊഴി നല്‍കി.
പൊലീസിന് നല്‍കിയ മൊഴിയാണ് ശരിയെന്ന് കക്കി കോടതിയില്‍ സമ്മതിച്ചു. താന്‍ നേരത്തെ മൊഴിമാറ്റിയത് പ്രതികളെ പേടിച്ചിട്ടാണെന്നും കക്കി കോടതിയില്‍ പറഞ്ഞു. കേസില്‍ പത്തൊമ്ബതാം സാക്ഷിയാണ് കാക്കി. കോടതിയില്‍ കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നു എന്ന് കക്കി കൂട്ടിച്ചേര്‍ത്തു.
കേസില്‍ നേരത്തെ കൂറുമാറിയ രണ്ട് സാക്ഷികളെയാണ് കോടതി ഇന്ന് വീണ്ടും വിസ്തരിക്കുന്നത്. 18,19 സാക്ഷികളായ കാളി മൂപ്പന്‍, കക്കി എന്നിവരെയാണ് മണ്ണാര്‍ക്കാട് എസ് സി എസ്ടി വിചാരണക്കോടതി വിളിപ്പിച്ചത്. അതേസമയം, 11 കുറ്റാരോപിതരുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറഞ്ഞേക്കും. കൂറുമാറിയതിന് വനംവകുപ്പിലെ താത്കാലിക ജോലി നഷ്ടപ്പെട്ടയാളാണ് പതിനെട്ടാം സാക്ഷി കാളി മൂപ്പന്‍. മധുവിനെ കുറച്ചുപേര്‍ തടഞ്ഞു നിര്‍ത്തി, ഓടിപ്പോകാതിരിക്കാന്‍ കൂട്ടമായി വളഞ്ഞ്, ഉന്തിത്തള്ളി നടത്തിക്കൊണ്ടുവരുന്നത് കണ്ട് എന്നായിരുന്നു ആദ്യം പൊലീസിന് നല്‍കിയ മൊഴി. വിചാരണക്കിടെ ഇത് നിഷേധിച്ചാണ് കൂറുമാറിയത്. അജമലയില്‍ വച്ച് മധുവിനെ കണ്ടെന്നും വിവരം രണ്ടാം പ്രതിയോട് പറഞ്ഞെന്നുമായിരുന്നു പത്തൊമ്ബതാം സാക്ഷി കക്കിയുടെ മൊഴി. ഇത് കോടതിയില്‍ കക്കി മാറ്റിപ്പറഞ്ഞിരുന്നു. എന്നാല്‍ ഇത് പ്രതികളെ പേടിച്ചിട്ടാണ് എന്നാണ് കക്കി പറയുന്നത്.
കൂറുമാറിയ സാക്ഷികളെ ഇത് രണ്ടാം തവണയാണ് മധുകേസില്‍ വീണ്ടും വിസ്തരിക്കുന്നത്. നേരത്തെ സ്വന്തം ദൃശ്യം ഉള്‍പ്പെട്ട ഭാഗം പ്രദര്‍ശിപ്പിച്ചപ്പോള്‍, ഒന്നും കാണുന്നില്ലെന്ന് പറഞ്ഞ സുനില്‍ കുമാറിനെ കാഴ്ച പരിശോധിപ്പിച്ച ശേഷം കോടതി വിസ്തരിച്ചിരുന്നു. സാക്ഷിക്കെതിരെ നടപടി വേണമെന്ന ഹര്‍ജിയില്‍ കോടതി ഇതുവരെ തീര്‍പ്പ് പറഞ്ഞിട്ടില്ല. കൂറുമാറിയവര്‍ ഉള്‍പ്പെടെ ഇന്ന് ആറ് പേരുടെ വിസ്താരമാണ് കോടതി
നിശ്ചയിച്ചിരിക്കുന്നത്.