അന്ധവിശ്വാസങ്ങൾ ഇനി വേണ്ട; മാട്രിമോണിയുമായി യുവജനക്ഷേമ ബോര്‍ഡ്


തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ക്യാമ്പെയ്‌നിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് മാട്രിമോണിയല്‍ പ്ലാറ്റ്‌ഫോമുമായി രംഗത്ത്.
നിലവിലെ മാട്രിമോണിയല്‍ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമായി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ സഹായിക്കുക എന്നതാണ് ഈ പ്ലാറ്റ്ഫോമിന്‍റെ പ്രത്യേകതയെന്ന് യുവജനക്ഷേമ ബോർഡ് പറഞ്ഞു.
ക്യാമ്പെയ്‌നിന്റെ ഭാഗമായി സ്കൂളുകളിൽ ശാസ്ത്രപ്രശ്‌നോത്തരി സംഘടിപ്പിക്കും. പ്രാഥമിക മത്സരം ഹൈസ്കൂൾ തലത്തിലും, തുടർന്ന് നിയമസഭാ മണ്ഡല തലത്തിലും ജില്ലാ, സംസ്ഥാന തലങ്ങളിലും മത്സരങ്ങൾ നടക്കും.
അതേസമയം, അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമാണവുമായി സർക്കാർ മുന്നോട്ടുപോകും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഈ ബിൽ കൊണ്ടുവരാൻ സാധിക്കുമോയെന്ന കാര്യം സർക്കാർ പരിശോധിക്കുകയാണ്. ഇതുസംബന്ധിച്ച കാര്യങ്ങളിൽ ആഭ്യന്തര – നിയമവകുപ്പുകൾ ചർച്ച ആരംഭിച്ചു.