മന്ത്രിമാർ സംസാരിച്ചിട്ടും പിന്നോട്ടില്ല; നിരാഹാരം അവസാനിപ്പിക്കാതെ ദയാബായി
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ തയാറാകാതെ സാമൂഹിക പ്രവർത്തക ദയാബായി. മന്ത്രിമാരായ വീണാ ജോർജും ആർ ബിന്ദുവും ആശുപത്രിയിലെത്തി ഇവരുമായി സംസാരിച്ചെങ്കിലും സമരം അവസാനിപ്പിച്ചില്ല. എയിംസ് ഉൾപ്പെടെയുള്ള എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നാണ് ദയാബായിയുടെ നിലപാട്.
ദയാബായിയുടെ നിരാഹാരസമരം 15 ദിവസം പിന്നിട്ട വേളയിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചർച്ച നടത്താൻ മന്ത്രിമാരായ ആർ ബിന്ദുവും വീണാ ജോർജും എത്തിയത്. ദയാബായിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞുകൃഷ്ണൻ, ഫറീന കോട്ടപ്പുറം, കരീം ചൗക്കി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകുക, കാസർകോട് എയിംസ് സ്ഥാപിക്കുക, കുട്ടികൾക്ക് കരുതൽ കേന്ദ്രങ്ങൾ സ്ഥാപിക്കുക, ദുരിതബാധിതരെ കണ്ടെത്താൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ 90 ശതമാനവും അംഗീകരിച്ചതായും സമരം അവസാനിപ്പിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.