ദയാത്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി; വി ശിവന്‍കുട്ടി


തിരുവനന്തപുരം: വിനോദ യാത്രയെ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.വടക്കഞ്ചേരി അപകടത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വീണ്ടും ഒരു സര്‍ക്കുലര്‍ കൂടിയിറക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ആറ് വരെ യാത്ര പാടില്ലെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയിലുള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ച് രണ്ടിലെ ഉത്തരവിലൂടെ കൂടുതല്‍ സമഗ്രമായ നിര്‍ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണമെന്നും വിദ്യാര്‍ഥികള്‍ക്കും ഇത് സംബന്ധിച്ച് മുന്‍കൂട്ടി അറിവ് നല്‍കണമെന്നും മന്ത്രി പറഞ്ഞു. അപകടകരമായ സ്ഥലങ്ങളില്‍ യാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കണമെന്നും മന്ത്രി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു