ഇടുക്കിയിൽ നിന്നും 40 കിലോമിറ്റർ അകലെ ചൂളം വിളി എത്തി
13 വർഷത്തെ കാത്തിരിപ്പ് : ബോഡിനായ്ക്കന്നൂരിൽ ട്രെയിൻ എത്തി; പുഷ്പഹാരമണിയിച്ചും ആർപ്പുവിളികളോടെയും എതിരേറ്റ് നാട്ടുകാർ .
ജില്ലയിലെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനായ ബോഡിനായ്ക്കന്നൂരിൽ 13 വർഷങ്ങൾക്ക് ശേഷം ട്രെയിൻ എത്തി. തേനിയിൽ നിന്ന് പരീക്ഷണ ഓട്ടത്തിനായി 10 കിലോമീറ്റർ വേഗത്തിൽ ബോഡിനായ്ക്കന്നൂരിലെത്തിയ ട്രെയിനിൽ പുഷ്പഹാരമണിയിച്ച നാട്ടുകാർ ആർപ്പുവിളികളോടെ സ്വീകരിച്ചു. പരീക്ഷണ ഓട്ടം വിജയിച്ചതായും ഡിസംബറോടെ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷൻ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
തേനിയിൽ നിന്നു 15 കിലോമീറ്റർ ദൂരം വരുന്ന ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള ബ്രോഡ്ഗേജ് പാതയുടെ നിർമാണം പൂർത്തിയായതോടെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. സ്റ്റേഷൻ കഴിഞ്ഞുള്ള റെയിൽപാതയുടെ നിർമാണം തുടരുകയാണ്.
ബോഡിനായ്ക്കന്നൂരിൽ സ്റ്റേഷനിലെത്തുന്ന ട്രെയിനുകൾ വൃത്തിയാക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ട്രെയിനുകളിലേക്കു വെള്ളം ശേഖരിക്കുന്നതും ബോഡിനായ്ക്കന്നൂർ സ്റ്റേഷനിൽ നിന്നായിരിക്കും.