ഡിജിറ്റല്‍ റീസര്‍വേ :ജനപങ്കാളിത്തം ഉറപ്പാക്കാന്‍ നാളെ മുതല്‍ സര്‍വേ സഭകള്‍
ജില്ലാതല ഉദ്ഘാടനം 12 ന് ഇരട്ടയാര്‍ വില്ലേജില്‍
ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ഒക്ടോബര്‍ 12 മുതല്‍ സംസ്ഥാനത്ത് സര്‍വേ സഭകള്‍ ചേരും. സര്‍വേ നടപടികളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള എല്ലാ സംശയങ്ങള്‍ക്കും ഈ സഭകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കും. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ സര്‍വേ നടക്കുന്ന 200 വില്ലേജുകള്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപന വാര്‍ഡുകളിലാണ് സഭകള്‍ വിളിച്ച് ചേര്‍ക്കുന്നത്. ഇതിന്റെ ജില്ലാതല ഉദ്ഘാടനം 12 ന് ഇരട്ടയാര്‍ വില്ലേജില്‍ നടക്കും. ഇടുക്കി ജില്ലയിലെ പെരുവന്താനം, മഞ്ചുമല, പെരിയാര്‍, ചിന്നക്കനാല്‍, ചതുരംഗപ്പാറ, കല്‍ക്കൂന്തല്‍, കരുണാപുരം, ബൈസണ്‍വാലി, ശാന്തന്‍പാറ, രാജാക്കാട്, ഇരട്ടയാര്‍, വാത്തിക്കുടി, ഇടുക്കി എന്നീ 13 വില്ലേജുകളാണ് ആദ്യഘട്ട സര്‍വേക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.
‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ സര്‍വേ ആരംഭിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വാര്‍ഡ് പ്രതിനിധികള്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും വലിയ അളവില്‍ പരിഹാരമാകാന്‍ ഡിജിറ്റല്‍ റീസര്‍വേ സഹായമാകും. ഭൂമി സംബന്ധമായ സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കാനും ഇതുവഴി കഴിയും. 4 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കാനാണ് പദ്ധതി.
സര്‍വേ ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കുക, അതിര്‍ത്തികള്‍ അടയാളപ്പെടുത്തി വയ്ക്കുക, അതിര്‍ത്തികള്‍ സര്‍വേ നടത്താന്‍ പാകത്തില്‍ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഭൂവുടമകള്‍ ചെയ്യണം. ഉടമ സ്ഥലത്തില്ലെങ്കില്‍ ഏറ്റവും അടുത്ത ഒരാളെ പ്രത്യേകം ചുമതലപ്പെടുത്തി ഇക്കാര്യം സര്‍വേ വകുപ്പിനെ അറിയിക്കണം. ഭൂവുടമകളായ എല്ലാവരെയും ബാധിക്കുന്ന കാര്യമാണെന്നതിനാല്‍ ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.