പോക്‌സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും. തേങ്ങാക്കൽ ലാൻഡ്രം പുതുവൽ അത്തിയാലിൽ ജോർജുകുട്ടിയെയാണ്(52) കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്
കട്ടപ്പന: പോക്‌സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും. തേങ്ങാക്കൽ ലാൻഡ്രം പുതുവൽ അത്തിയാലിൽ ജോർജുകുട്ടിയെയാണ്(52) കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്. രണ്ടു സെക്ഷനുകൾ പ്രകാരമാണ് ശിക്ഷ. ഒരു സെക്ഷൻ പ്രകാരം 10 വർഷം കഠിന തടവും 40,000 രൂപ പിഴയും മറ്റൊരു സെക്ഷൻ പ്രകാരം 5 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷിച്ചാണ് കട്ടപ്പന പോക്‌സോ ജഡ്ജി ഫിലിപ്പ് തോമസ് വിധി പ്രസ്താവിച്ചത്. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവും 60,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഇരു സെക്ഷനുകളിലുമായി 3 മാസം വീതം അധിക തടവ് അനുഭവിക്കണം.
പ്രതിയുടെ സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെയാണ് പീഡനത്തിന് ഇരയാക്കിയത്. പ്രതിയുടെ ജീപ്പിലാണ് പെൺകുട്ടി സ്‌കൂളിൽ പോയിരുന്നത്. ഇതിലൂടെയുള്ള പരിചയം മുതലെടുത്ത് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 2018ൽ വണ്ടിപ്പെരിയാർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ സുസ്മിത ജോൺ കോടതിയിൽ ഹാജരായി.