പ്രധാന വാര്‍ത്തകള്‍
സെപ്റ്റംബറിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളെ ഐ.സി.സി പ്രഖ്യാപിച്ചു
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സെപ്റ്റംബർ മാസത്തെ മികച്ച കളിക്കാരെ പ്രഖ്യാപിച്ചു. പാകിസ്താന്‍റെ മുഹമ്മദ് റിസ്വാൻ മികച്ച പുരുഷ താരമായും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മികച്ച വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിനാണ് ഹർമൻപ്രീതിന് പുരസ്കാരം ലഭിച്ചത്. ഇന്ത്യയുടെ സ്മൃതി മന്ദാനയെയും ബംഗ്ലാദേശിന്‍റെ നൈഗര്‍ സുൽത്താനയെയും തോൽപ്പിച്ചാണ് ഹർമൻപ്രീത് പുരസ്കാരം നേടിയത്.
ഹർമൻപ്രീതിന്‍റെ മികവിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കിയിരുന്നു. 1999ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ വനിതാ ടീം ഇംഗ്ലണ്ടിൽ പരമ്പര നേടുന്നത്. ടൂർണമെന്‍റിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 221 റൺസാണ് ഹർമൻപ്രീത് നേടിയത്. ആദ്യ ഏകദിനത്തിൽ 74 റൺസും രണ്ടാം ഏകദിനത്തിൽ 111 പന്തിൽ 143 റൺസും നേടി.