മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ കര്‍ശന പരിശോധനയില്‍ ഇടുക്കി ജില്ലയില്‍ മാത്രം പതിനഞ്ചു ബസുകള്‍ക്കെതിരെ നടപടി എടുത്തു
ഇടുക്കി: മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ കര്‍ശന പരിശോധനയില്‍ ഇടുക്കി ജില്ലയില്‍ മാത്രം പതിനഞ്ചു ബസുകള്‍ക്കെതിരെ നടപടി എടുത്തു.
ടൂറിസ്റ്റു ബസുകള്‍ക്കും കെ എസ് ആര്‍ ടി സി ബസിനുമെതിരെയാണ് നടപടി എടുത്തത്. മുപ്പതിനായിരത്തോളം രൂപ പിഴ ഈടാക്കി. അമിതമായ പ്രകാശമുള്ള ലൈറ്റുകള്‍, ശബ്ദസംവിധാനം, എയര്‍ ഹോണ്‍ , സണ്‍ഫിലിം തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
കുമളി – കായംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസില്‍ നടത്തിയ പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ ഇല്ലെന്ന് കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. മോട്ടോര്‍ വാഹന വകുപ്പും ഹൈവേ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ബസുടമകളുടെ യാര്‍ഡുകളിലെത്തി മോട്ടോര്‍ വാഹന വകുപ്പ് നിയമപരമല്ലാത്ത സാധനങ്ങള്‍ അഴിച്ചു മാറ്റാന്‍ നിര്‍ദ്ദേശവും നല്‍കി.
അതേ സമയം തൃശൂര്‍ ജില്ലയിലെ ടൂറിസ്റ്റ് ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 99 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 150 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ വാഹനങ്ങളില്‍ നിന്നായി 98,000 രൂപ എം വി ഡി പിഴ ഈടാക്കിയിട്ടുണ്ട്. അനധികൃത രൂപമാറ്റത്തില്‍ 8 വാഹനങ്ങള്‍ , അമിത ശബ്ദ സംവിധാനത്തോടെ 20 വാഹനങ്ങള്‍, ഫ്ലാഷ്ലൈറ്റുകളുടെ ഉപയോഗത്തിലുള്ള 15 വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാതിരുന്ന വാഹനങ്ങള്‍ തുടങ്ങിയവാണ് പിടിക്കപ്പെട്ടത്. ഇത്തരം നിയമ ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയതെന്ന് എം വി ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് എം വി ഡി തീരുമാനം. എല്ലാ ജില്ലകളിലും ഇത്തരത്തില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.