ഒരാളെ പുഞ്ചിരിക്കാൻ സഹായിക്കൂ; ഇന്ന് ലോക പുഞ്ചിരി ദിനം
നമുക്കെല്ലാവർക്കും പുഞ്ചിരിക്കാൻ ഇഷ്ടമാണ്. ജീവിതത്തിൽ നേരിടുന്ന സമ്മർദ്ദം ലളിതമായ പുഞ്ചിരിയോടെ ഇല്ലാതാക്കാൻ കഴിയും. മറ്റൊരാൾക്ക് പുഞ്ചിരിക്കാൻ നിങ്ങൾ ഒരു കാരണമായിത്തീരുകയാണെങ്കിൽ അതാണ് കൂടുതൽ സുന്ദരം. എല്ലാ വർഷവും ഒക്ടോബർ 7ന് ലോക പുഞ്ചിരി ദിനം ആചരിക്കുന്നു.
അമേരിക്കൻ കലാകാരനായ ഹാർവി ബാളാണ് വേൾഡ് സ്മൈൽ ഡേ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 1963-ൽ അദ്ദേഹം ഐക്കണിക് സ്മൈലി ഫെയ്സ് ചിത്രം കണ്ടുപിടിച്ചു. ഹാർവി ബാൾ 2001 ഏപ്രിൽ 12നാണ് അന്തരിച്ചത്. അദ്ദേഹത്തിന്‍റെ ഓർമ്മ നിലനിർത്തുന്നതിനാണ് ലോക പുഞ്ചിരി ദിനം ആചരിക്കുന്നത്. ‘ദയയുടെ പ്രവൃത്തി ചെയ്യുക. ഒരാളെ പുഞ്ചിരിക്കാൻ സഹായിക്കുക’ എന്നതാണ് ഈ വർഷത്തെ തീം.
ലോകമെമ്പാടുമുള്ള ആളുകൾ ലോക പുഞ്ചിരി ദിനം സവിശേഷവും ഭാവനാത്മകവുമായ രീതിയിൽ ആഘോഷിക്കുന്നു. അമേരിക്കയിലെ മസാച്യുസെറ്റ്‌സിലെ വോർസെസ്റ്റർ ഹിസ്റ്റോറിക്കൽ സൊസൈറ്റി 2000 മുതൽ പന്ത് എറിഞ്ഞ് ഈ ദിനം ആഘോഷിക്കുന്നു.