ഒരുമിച്ചു മരിക്കാൻ എത്തിയ 21കാരിയെ കാമുകൻ വഞ്ചിച്ചു; ഇടുക്കി രാജകുമാരി സ്വദേശിനി വിദ്യയുടെ ദുരന്തകഥ ആരുടെയും കരളലിയിക്കുന്നതാണ്


കൊച്ചി: ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചിറങ്ങിയെങ്കിലും അവിടെയും കാമുകന്റെ വഞ്ചന. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ വിട്ടുകൊടുത്ത് അവന്‍ അത് നോക്കിനിന്നു.
സെപ്തംബര്‍ 15ന് രാത്രി തൃപ്പൂണിത്തുറ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം ട്രെയിനിടിച്ച് മരിച്ച ഇരുപത്തിയൊന്നുകാരിയായ ഇടുക്കി രാജകുമാരി സ്വദേശിനി വിദ്യയുടെ ദുരന്തകഥ ആരുടെയും കരളലിയിക്കുന്നതാണ്.
കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കാമുകനായ ഇടുക്കി ഉടുമ്ബന്‍ചോല സ്വദേശി വിഷ്ണുവി(23)നൊപ്പമാണ് കഴിഞ്ഞ 14നു രാത്രി വിദ്യ ആത്മഹത്യ ചെയ്യാനിറങ്ങിയത്. നാല് വര്‍ഷം നീണ്ട പ്രണയത്തിന്റെ അന്ത്യരംഗം പിന്നെ റെയില്‍പാളത്തില്‍. രാജകുമാരിയിലെ നിര്‍ദ്ധനരായ കൊച്ചിക്കാട്ടില്‍ ചെല്ലപ്പന്റെയും പുഷ്പയുടെയും ഇളയമകളാണ് വിദ്യ. പ്ലസ് ടു കഴിഞ്ഞ് തൊടുപുഴയില്‍ ഡിഗ്രിക്ക് പഠിക്കുമ്ബോഴാണ് വിഷ്ണുവുമായി പ്രണയത്തിലായത്. പിന്നീട് സാമ്ബത്തിക ബുദ്ധിമുട്ടുകളാല്‍ പഠനം നിര്‍ത്തി. പത്ത് മാസം മുമ്ബ് കാക്കനാട്ടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് കയറി. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്.
മസ്തിഷ്‌കാഘാതം വന്നതിനെ തുടര്‍ന്ന് അച്ഛന് ഇപ്പോള്‍ ജോലിക്ക് പോകാനാവില്ല. ചേച്ചി വിവാഹിതയാണ്. വിദ്യയുടെ കൂടി ശമ്ബളം കൊണ്ടാണ് കുടുംബം ചികിത്സയ്ക്കും മറ്റും ചെലവുകള്‍ കണ്ടെത്തിയിരുന്നത്.
വിദ്യയ്ക്ക് പിന്നാലെ വിഷ്ണുവും എറണാകുളത്തെത്തി. ഇയാളുടെ മാതാപിതാക്കള്‍ വേറിട്ടു കഴിയുകയാണ്. അമ്മയും സഹോദരിയും സീരിയല്‍ മേഖലയിലാണ്. കാക്കനാട്ടുള്ള അമ്മയുടെ വീട്ടിലും തൃപ്പൂണിത്തുറ ചാത്താരി സ്റ്റാര്‍ ഹോംസിലെ പെങ്ങളുടെ അപ്പാര്‍ട്ടുമെന്റിലുമായി മാറിമാറിയായിരുന്നു താമസം. വിദ്യയുമായി ഇടയ്ക്കിടെ ചാത്താരിയില്‍ എത്തി താമസിക്കാറുണ്ട്. ഇതിനിടെ വിഷ്ണു വിദ്യയെ ഒഴിവാക്കാനും ശ്രമിച്ചിരുന്നുവത്രെ. വേറെ പെണ്‍കുട്ടിയുമായി ബന്ധമുള്ളതിനെ ചൊല്ലി തര്‍ക്കങ്ങളും പതിവായിരുന്നു.
ഓണത്തിന് വിദ്യ വീട്ടില്‍ പോയതിനെ ചൊല്ലി വിഷ്ണു വലിയ വഴക്കുണ്ടാക്കിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. തുടര്‍ന്ന് 14ന് വിദ്യ ചാത്താരിയിലെ ഫ്ളാറ്റിലെത്തി. ഇവിടെ വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വിദ്യയ്ക്ക് കാര്യമായ മര്‍ദ്ദനമേറ്റു.
വീട്ടിലുണ്ടായിരുന്നവരും മര്‍ദ്ദിച്ചെന്ന് സംശയമുണ്ട്. രാത്രി വിദ്യയെ വിഷ്ണു വലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞാണ് പുറപ്പെട്ടതെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു. തൃപ്പൂണിത്തുറ റെയില്‍വേ ഓവര്‍ബ്രിഡ്ജിനടിയില്‍ വച്ച് വീണ്ടും തര്‍ക്കവും അടിപിടിയുമുണ്ടായി. അപ്പോള്‍ വന്ന ട്രെയിനിന് മുന്നിലേക്ക് വിദ്യ ഓടുകയായിരുന്നു. വിഷ്ണു പക്ഷേ അതിന് തുനിഞ്ഞില്ല. വിദ്യയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണവും വിഷ്ണുവിന്റെ അറസ്റ്റും.
മദ്യത്തിന് അടിമയായിരുന്നു വിഷ്ണു. മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. 14ന് രാത്രിയും ഇയാള്‍ ലഹരിയിലായിരുന്നത്രെ. യുവതിയെ ഇയാള്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി വ്യക്തമായിട്ടുണ്ടെന്നാണ് സൂചന.
മെഡിക്കല്‍ പരിശോധനയ്ക്ക് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് എത്തിച്ചപ്പോള്‍ വിഷ്ണു അക്രമാസക്തനായി മെഡിക്കല്‍ ഉപകരണങ്ങളും മറ്റും നശിപ്പിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.