മെഡിക്കല്‍ കോളേജ് വികസനത്തിന് സര്‍ക്കാര്‍ പിന്തുണയുംസഹകരണവും ഉണ്ടാകും : മുഖ്യമന്ത്രി
ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസനം നാടിന്റെ ആവശ്യമാണ്. ചികിത്സാ രംഗത്തും വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് പിന്തുണയും സഹകരണവും തുടര്‍ന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെത്തിയ മുഖ്യമന്ത്രിക്ക് ഇടുക്കി മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കിയതിന് ആദരവര്‍പ്പിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റില്‍ സര്‍ക്കാര്‍ കൂടുതല്‍ പണം അനുവദിച്ചിട്ടിട്ടുണ്ട്. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) ചൂണ്ടിക്കാണിച്ച പേരായ്മകള്‍ കുറേയേറെ പരിഹരിച്ചു. ചിലതൊക്കെ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. മെഡിക്കല്‍ കോളേജ് പൂര്‍ണതോതില്‍ കൂടുതല്‍ ആരോഗ്യ വിഭാഗങ്ങളോടെ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഇനിയും സര്‍ക്കാരിന്റെ സഹായമുണ്ടാകും. മഡിക്കല്‍ കോളേജിന്റെ വികസനത്തിന് തുടക്കത്തില്‍ കെ.എസ്.ഇ.ബി 10 കോടി നല്‍കിയത് വലിയ ആശ്വാസമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മുന്‍കൈയെടുത്ത മുന്‍മന്ത്രിയും നിലവിലെ ഉടുമ്പഞ്ചോല എം.എല്‍.എ.യുമായ എം.എം. മണിയെ ചടങ്ങില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഇടുക്കി ഗസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളേജ് യാര്‍ഥ്യമാകാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ നിരവധിയാണ്. ആരോഗ്യ, വിദ്യാഭ്യാസരംഗത്ത് ഇടതുപക്ഷം സ്വീകരിച്ച നിലപാടിന്റെ ഭാഗമാണിതെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇടുക്കി പൗരാവലിയുടെ ഉപഹാരം മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മാനിച്ചു. ചടങ്ങില്‍ വിവിധ കക്ഷി നേതാക്കള്‍ മുഖ്യമന്ത്രിയെ ഏലയ്ക്ക മാലയും തേയില മാലയും അണിയിച്ചു. പരിപാടിയില്‍ എം. എം. മണി എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.കെ. ശിവരാമന്‍, കെ. കെ. ജയചന്ദ്രന്‍, ജോസ് പാലത്തിനാല്‍, സലിം കുമാര്‍, ജോയ്‌സ് ജോര്‍ജ്, ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം: ജില്ലയിലെത്തിയ മുഖ്യമന്ത്രിക്ക് ഇടുക്കി പൗരാവലി നല്‍കിയ സ്വീകരണത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉപഹാരം സമ്മാനിക്കുന്നു.