മഴ മാറിയതോടെ ഇടുക്കിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില് വര്ധന.
തൊടുപുഴ: മഴ മാറിയതോടെ ഇടുക്കിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില് വര്ധന.
ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്ന് നൂറുകണക്കിന് സഞ്ചാരികളാണ് ഇടുക്കിയിലേക്ക് എത്തിയത്. കോവിഡിന്ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങള് സജീവമായി വന്നപ്പോഴാണ് കാലവര്ഷം ശക്തമായത്. തുടര്ന്ന് ഉരുള്പൊട്ടലും മണ്ണിടിച്ചിലും പലയിടത്തും ദുരിതംവിതച്ചു. മൂന്നാര് ഉള്പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പല റോഡുകളും തകര്ന്നു. പല വിനോദസഞ്ചാര മേഖലകളും ഒറ്റപ്പെട്ടു. ഇതോടെ ജില്ലയില് വിനോദസഞ്ചാരത്തിന് വിലക്ക് ഏര്പ്പെടുത്തുകയും ചെയ്തു. എന്നാല്, മഴ മാറിയതോടെ ഓണാവധിയോട് അനുബന്ധിച്ചും തുടര്ദിവസങ്ങളിലുമായി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആളുകള് എത്തുകയായിരുന്നു. ജില്ല ടൂറിസം പ്രമോഷന് കൗണ്സിലിന്റെ കീഴില് ഏറ്റവും കൂടുതല് സഞ്ചാരികള് എത്തിയത് വാഗമണ്ണിലാണ്. 19,949പേര് വാഗമണ് മൊട്ടക്കുന്നുകളും 6634 പേര് വാഗമണ് അഡ്വഞ്ചര് പാര്ക്കും സന്ദര്ിച്ചു. കഴിഞ്ഞ നാലാം തീയതി മുതല് 11 വരെ ജില്ലയില് ഡി.ടി.പി.സിയുടെ ഒമ്ബത് കേന്ദ്രങ്ങളിലായി 54,863 പേര് സന്ദര്ശനം നടത്തി. മാട്ടുപ്പെട്ടി-1887, രാമക്കല്മേട് -7550, അരുവിക്കുഴി- 1969- ശ്രീനാരായണപുരം വാട്ടര്ഫാള്സ്- 4387, പാഞ്ചാലിമേട്- 8223, ഇടുക്കി ഹില്വ്യൂ പാര്ക്ക് -2787, മൂന്നാര് ബോട്ടാണിക്കല് ഗാര്ഡന്-1477 എന്നിങ്ങനെയാണ് ഡി.ടി.പി.സിയുടെ മറ്റ് സെന്ററുകളില് എത്തിയവരുടെ എണ്ണം. സഞ്ചാരികള് എത്താന് തുടങ്ങിയതോടെ ടൂറിസം രംഗവുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന വ്യാപാരികള്ക്കും ആശ്വാസമായിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിലെ വഴിയോരക്കച്ചവടങ്ങളെല്ലാം പുനരാരംഭിച്ചു. അവധി ദിനങ്ങളില് പ്രധാന ഹോട്ടലുകളിലും ഹോം സ്റ്റേകളിലും കനത്ത ബുക്കിങ്ങാണ്.
താരതമ്യേന തിരക്ക് കുറവായ രാമക്കല്മേട്ടിലും ചിന്നക്കനാലിലുമെല്ലാം താമസ സ്ഥലത്തിനായി അന്വേഷങ്ങളെത്തുന്നുണ്ട്. പൂജ അവധി ദിനങ്ങള്കൂടി എത്തുന്നതോടെ വന് തിരക്കാണ് മൂന്നാറില് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടില്നിന്നുള്ള സന്ദര്ശകരും മൂന്നാറിലേക്ക് എത്തുന്നുണ്ട്. വഴിയോര കച്ചവടക്കാരും മൂന്നാറില് സജീവമായിട്ടുണ്ട്. മാട്ടുപ്പെട്ടിയും ഇരവികുളവുമെല്ലാം സന്ദര്ശകത്തിരക്കിന്റെ കാര്യത്തില് പഴയനിലയിലേക്ക് മടങ്ങിക്കഴിഞ്ഞു. വാരാന്ത്യങ്ങളില് വാഹനക്കുരുക്കും പതിവായിട്ടുണ്ട്. ഹോട്ടല് മുറികള്ക്ക് ബുക്കിങ് വര്ധിച്ചതോടെ ടൂറിസ്റ്റ് സീസണിലെ നിരക്കുകളാണ് ഈടാക്കുന്നത്. മുന്കൂര് ബുക്ക് ചെയ്യാതെ എത്തിയാല് മൂന്നാറില് മുറികള് ലഭിക്കാന് സാധ്യതയും കുറവാണ്.