ഇടുക്കിയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശി പൈതൃക കേന്ദ്രം
ഇടുക്കിയുടെ മനോഹാരിത നുകരാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ചരിത്രവിജ്ഞാനം പകരാന്‍ ഇനി പൈതൃക കേന്ദ്രവും. പ്രകൃതി രമണീയമായ മലനിരകളും വെളളച്ചാട്ടങ്ങളും കാട്ടുചോലകളും ദേശീയ ഉദ്യാനങ്ങളും നിറഞ്ഞ ജില്ലയുടെ ആസ്ഥാനമായ പൈനാവില്‍ സംസ്ഥാന പുരാരേഖാ വകുപ്പിന്റെ ജില്ലാ ഹെറിറ്റേജ് സെന്റര്‍ വിപുലമായ സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
കുയിലിമലയിലെ മനോഹരമായ കുന്നിന്‍ മുകളില്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ മ്യൂസിയത്തോടു ചേര്‍ന്ന് 1.75 കോടി രൂപ മുതല്‍മുടക്കി 6300 ചതുരശ്ര അടി വിസ്തൃതിയിലാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
ഇടുക്കിയുടെ സമൃദ്ധവും വൈവിധ്യവുമായ പൈതൃകങ്ങള്‍ ഭാവി തലമുറയ്ക്കായി സജ്ജീകരിച്ചു സൂക്ഷിക്കാനുള്ള ഇടമെന്ന നിലയിലാണ് പുരാവസ്തു വകുപ്പ് ജില്ലാ പൈതൃക മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്. പുരാരേഖകളുടെ സംരക്ഷണത്തിനായുള്ള റിക്കാര്‍ഡ് റൂം, കണ്‍സര്‍വേഷന്‍ വിഭാഗം, റിസര്‍ച്ച് ഹാള്‍, ഓഫീസ് ഹാള്‍, പ്രദര്‍ശന ഹാള്‍, ഗസ്റ്റ് ഹൗസ് എന്നീ സൗകര്യങ്ങളോടെ പരിസ്ഥിതി സൗഹൃദമായാണ് സെന്ററിന്റെ നിര്‍മ്മാണം. ഇടുക്കി ജില്ലാ പഞ്ചായത്ത് സൗജന്യമായി നല്‍കിയ സ്ഥലത്ത് ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പാണ് പൈതൃക കേന്ദ്രം നിര്‍മിച്ചത്.
പതിനാലാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെയുളള ഇടുക്കിയുടെ ചരിത്രം, പൈതൃകം, ആനുകാലിക ചുവടുവെപ്പുകള്‍ എന്നിവയുടെ നേര്‍രേഖകളുടെ പ്രദര്‍ശനമാണ് മൂന്ന് ഗ്യാലറികളിലായി സജ്ജീകരിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ കണ്ടെത്തപ്പെട്ട മുനിയറകളും മെന്‍ഹറുകളും ചരിത്രാതീതകാലത്തിന്റെ അടയാളങ്ങളുടെ ആലേഖനങ്ങളും ഛായാചിത്രങ്ങളും ആദിമ നിവാസികള്‍, കുടിയേറ്റം, പിന്നീടുവന്ന കൊളോണിയല്‍ കാലഘട്ടം എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ തുടങ്ങിയവയാണ് ആദ്യ ഗാലറിയില്‍.
കാലഗതിക്കനുസരിച്ച് ഇടുക്കിയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച ഭൂപരിഷ്‌ക്കരണം, തോട്ടങ്ങള്‍, ഡാമുകള്‍, വിനോദസഞ്ചാര ഇടങ്ങള്‍ എന്നിവയെക്കുറിച്ചുളള രേഖകള്‍, ഡാമിനെക്കുറിച്ചും തേയില നിര്‍മ്മാണത്തെക്കുറിച്ചും വിശദീകരിക്കുന്ന പ്രദര്‍ശന സജ്ജീകരണങ്ങള്‍, ഇടുക്കി ചിത്രങ്ങള്‍ എന്നിവ രണ്ടാം ഗ്യാലറിയില്‍ ഒരുക്കിയിരിക്കുന്നു. അവസാനത്തെ ഗ്യാലറിയില്‍ ഏര്‍പ്പെടുത്തിയ ദൃശ്യ ശ്രാവ്യ സംവിധാനം കഴിഞ്ഞ കാലത്തിലേക്ക് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടു പോകും.
ഇമേജുകളും വീഡിയോകളും റിലീഫുകളും, സ്ലൈഡുകളും, പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടച്ച് സ്‌ക്രീന്‍ കിയോസ്‌ക്, ഇന്ററാക്ടീവ് ഇ- ബുക്ക്, പ്രൊജക്ടര്‍ എന്നിവ സന്ദര്‍ശകരുമായുള്ള ആശയവിനിമയത്തിനായും സജ്ജീകരിച്ചിട്ടുണ്ട്. താഴത്തെ നിലയില്‍ 128 ച. അടി വിസ്തൃതിയില്‍ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഒഴികെ ആഴ്ചയില്‍ എല്ലാ ദിവസവും സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കും.
ഇടുക്കി ജില്ലയുടെ ചരിത്രം വിളിച്ചോതുന്ന ആധികാരിക രേഖകള്‍ കണ്ടെത്തി ശാസ്ത്രീയമായി സംരക്ഷിച്ച് സൂക്ഷിക്കുന്ന സെന്റര്‍ ചരിത്ര ഗവേഷകര്‍ക്കും ചരിത്രാന്വേഷികള്‍ക്കും വളരെയേറെ ഉപകരിക്കും. ഹെറിറ്റേജ് സെന്റര്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് സമീപത്ത് തന്നെയുള്ള ഇടുക്കി ജില്ലാ പൈതൃക മ്യൂസിയവും കാണാന്‍ സാധിക്കും. പത്ത് ഗാലറികളിലായി ആദിമകാലം മുതല്‍ ആധുനികകാലം വരെയുള്ള ഇടുക്കിയുടെ കഥ പറയുന്ന ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഈടുവെപ്പുകള്‍ ഇവിടെ സമഗ്രമായി ആവിഷ്‌കരിച്ചിട്ടുണ്ട്