50-വയസ്സുകാരി തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ രണ്ടാം ഭര്‍ത്താവിന്‍റെ മകന്‍ അറസ്റ്റില്‍
മാനന്തവാടി: തരുവണ പുലിക്കാട് കണ്ടിയില്‍പൊയില്‍ മഫീദ എന്ന 50-വയസ്സുകാരി തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ രണ്ടാം ഭര്‍ത്താവിന്‍റെ മകന്‍ അറസ്റ്റില്‍.
പുലിക്കാട് ടി.കെ. ഹമീദ് ഹാജിയുടെ മകന്‍ ജാബിറിനെയാണ്(28) ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തത്. ഡിവൈഎഫ്‌ഐ പുലിക്കാട് യൂണിറ്റ് സെക്രട്ടറിയാണ് ജാബിര്‍. അറസ്റ്റിനു പിന്നാലെ ഇയാള്‍ക്കെതിരെ സംഘടനയും നടപടി എടുത്തിട്ടുണ്ട്.
തീപ്പൊള്ളലേറ്റ മഫീദ സെപ്റ്റംബര്‍ രണ്ടിനു വീട്ടിലാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു ആദ്യ ഭര്‍ത്താവിലുള്ള മക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ജാബിറിനെ അറസ്റ്റു ചെയ്തത്. രണ്ടാം ഭര്‍ത്താവുമായുള്ള ബന്ധം ഒഴിയുന്നതിനു രണ്ടു മാസം മുമ്ബ് മഫീദയെ ചിലര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. അതേദിവസമാണ് അവര്‍ക്കു പൊള്ളലേറ്റത്. ദേഹത്തു മണ്ണെണ്ണ ഒഴിച്ച മഫീദ ജാബിര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് തീക്കൊളുത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇവര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ ആര്‍ക്കെതിരേയും പരാതി ഉന്നയിയിച്ചിരുന്നില്ല. മരണശേഷമാണ് ആദ്യ ഭര്‍ത്താവിലുള്ള മക്കള്‍ പരാതി നല്‍കിയത്.