മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ ഓടിയടുത്ത് തെരുവുനായ.


ന്യൂഡല്‍ഹി: പി ബി യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ ഓടിയടുത്ത് തെരുവുനായ.
മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നതിന് മുമ്ബ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥന് ആട്ടിയോടിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി എകെജി ഭവനിലെത്തിയപ്പോഴാണ് സംഭവം.
അതേസമയം സംസ്ഥാനത്ത് തെരുവു നായ ശല്യം രൂക്ഷമായതോടെ ഹൈക്കോടതിയും രംഗത്തുവന്നിട്ടുണ്ട്. തെരുവു നായ്ക്കളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. അക്രമികളായ നായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നു മാറ്റണം. സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പരിഹാര നടപടികള്‍ നാളേയ്ക്കകം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നു ജസ്റ്റിസുമാരായ എ കെ ജയശങ്കര്‍ നമ്ബ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം തെരുവു നായ്ക്കളുടെ അക്രമണം പെരുകിയ സാഹചര്യത്തില്‍ കേസില്‍ കോടതി സ്പെഷ്യല്‍ സിറ്റിങ് നടത്തുകയായിരുന്നു.
ജനങ്ങള്‍ നിയമം കയ്യിലെടുക്കരതെന്നും തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അനധികൃതമായി നായ്ക്കളെ കൊന്നൊടുക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. തെരുവു നായ പ്രശ്നത്തില്‍ സര്‍ക്കാര്‍ ചില തീരുമാനങ്ങളെടുത്തതായി അഡീഷനല്‍ അഡ്വക്കറ്റ് അശോക് എം ചെറിയാന്‍ അറിയിച്ചു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഫലപ്രദമാക്കാന്‍ മുമ്ബ് നല്‍കിയ ഉത്തരവുകളില്‍ സര്‍ക്കാര്‍ എടുത്ത നടപടികളും കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.