സംസ്ഥാന ആസൂത്രണ ബോർഡുകൾക്ക് പകരം നിതി ആയോഗ് പോലുള്ള ‘സിറ്റ്’ പരിഗണനയിൽ


ന്യൂഡല്‍ഹി: ആസൂത്രണ കമ്മീഷനു പകരം കേന്ദ്രതലത്തിൽ രൂപീകരിച്ച നീതി ആയോഗ് പോലെ, സംസ്ഥാനങ്ങളിൽ ‘സിറ്റ്’ (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫോർമേഷൻ) സ്ഥാപിക്കാൻ ആലോചന. ഇത് സംസ്ഥാന ആസൂത്രണ ബോർഡുകൾക്ക് പകരമാകും.
2047 ആകുമ്പോള്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിച്ച് ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ആസൂത്രണ സെക്രട്ടറിമാരുടെ യോഗം അടുത്തിടെ ചേർന്നിരുന്നു. ഉത്തർപ്രദേശ്, കർണാടക, മധ്യപ്രദേശ്, അസം തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ‘സിറ്റ്’ ആദ്യം പ്രാബല്യത്തിൽ വരിക. 2023 ഓടെ എല്ലാ സംസ്ഥാനങ്ങളിലും ഇത് സ്ഥാപിക്കും.
പ്രതിരോധം, റെയിൽവേ, ഹൈവേ എന്നിവ ഒഴികെയുള്ള മേഖലകളുടെ വളർച്ച മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ സംസ്ഥാനങ്ങളുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യ വികസനം, ഭൂപരിഷ്കരണം തുടങ്ങിയ മേഖലകളിൽ സംസ്ഥാനങ്ങളുടെ പങ്ക് നിർണായകമാണ്.