സംസ്ഥാനത്ത് തെരുവ് നായ ശല്യം; 507 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സംസ്ഥാനത്ത് 507 ഹോട്ട്സ്പോട്ടുകൾ ആരോഗ്യവകുപ്പ് കണ്ടെത്തി. നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്പോട്ടുകൾ തിരിച്ചറിഞ്ഞത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉള്ളത്. പട്ടിക ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപന വകുപ്പിന് കൈമാറി.
കഴിഞ്ഞ ഏഴുമാസത്തിനിടെ ഓരോ ജില്ലയിലും നായകടിയ്ക്ക് ചികിത്സ നൽകിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഹോട്ട്സ്പോട്ടുകളുടെ പട്ടിക തയ്യാറാക്കിയത്. 4841 കേസുകൾ റിപ്പോർട്ട് ചെയ്ത തൃശൂർ മെഡിക്കൽ കോളേജും ഒരു കേസ് മാത്രം റിപ്പോർട്ട് ചെയ്ത വയനാട്ടിലെ കുറുക്കംമൂലയും ഹോട്ട്സ്പോട്ടുകളുടെ പട്ടികയിലുണ്ട്.
ആരോഗ്യവകുപ്പ് നൽകിയ പട്ടിക പ്രകാരം പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ ഹോട്ട്സ്പോട്ടുകളുള്ളത്, 64 ഹോട്ട്സ്പോട്ടുകൾ. തൃശൂരിൽ 58, എറണാകുളം 53, ആലപ്പുഴയിൽ 39 എന്നിങ്ങനെയാണ് ഹോട്ട് സ്പോട്ടുകൾ. വയനാട്, പാലക്കാട് ജില്ലകളിൽ 32 വീതം ഹോട്ട്സ്പോട്ടുകളും ഇടുക്കി, തുരുവന്തപുരം ജില്ലകളിൽ 31 വീതം ഹോട്ട്സ്പോട്ടുകളുമാണുള്ളത്.