മെഡിക്കല്‍ അദ്ധ്യാപകരുടെ സ്ഥലംമാറ്റമാനദണ്ഡം പുതുക്കി


തിരുവനന്തപുരം: മെഡിക്കല്‍ അദ്ധ്യാപകരുടെ സ്ഥലംമാറ്റമാനദണ്ഡം പുതുക്കി. വയനാട്, കാസര്‍കോട്, ഇടുക്കി, കോന്നി, മഞ്ചേരി മെഡിക്കല്‍കോളേജുകളെ ദുര്‍ഘട ഗ്രാമീണമേഖലയില്‍ ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ അദ്ധ്യാപകരുടെ സ്ഥലംമാറ്റമാനദണ്ഡം പുതുക്കിയത്. ഇവിടങ്ങളില്‍ രണ്ടുവര്‍ഷ സേവനം നിര്‍വഹിച്ചവര്‍ക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. മറ്റുമെഡിക്കല്‍ കോളേജുകളില്‍ മൂന്നുവര്‍ഷ സേവനമുണ്ടെങ്കിലേ അപേക്ഷ നല്‍കാനാവൂ.
ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ച് സ്ഥലംമാറ്റ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി സോഫ്റ്റ്‌വേറില്‍ മാറ്റം വരുത്തും. ദുര്‍ഘടഗ്രാമീണ മേഖലയായി പരിഗണിക്കുന്ന കോളേജുകളില്‍ ഒരുവര്‍ഷം സേവനം അനുഷ്ഠിച്ചവര്‍ക്ക് സ്ഥലംമാറ്റത്തിന് അര്‍ഹത നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് മെഡിക്കല്‍ കോളേജ് അദ്ധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ. സര്‍ക്കാരിനുമുന്നില്‍ സമര്‍പ്പിച്ചിരുന്നത്. പുതുക്കിയ മാനദണ്ഡം വിലയിരുത്തി ഇളവിനായി വീണ്ടും സര്‍ക്കാരിനെ സമീപിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ശമ്ബളപരിഷ്‌കരണത്തിലെ അപാകം പരിഹരിക്കണമെന്നും സ്ഥലംമാറ്റനടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് നിലവില്‍ മെഡിക്കല്‍കോളേജ് അദ്ധ്യാപകര്‍ പ്രതിഷേധത്തിലാണ്. 15-ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ ധര്‍ണ നടത്തും.
നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ പരിശോധനയ്ക്ക് മുന്നോടിയായി പുതിയ മെഡിക്കല്‍ കോളേജുകളിലേക്ക് നിലവിലുള്ള കോളേജുകളില്‍നിന്ന് അദ്ധ്യാപകരെ നിയോഗിക്കാറുണ്ട്. ഇങ്ങനെ നിയോഗിക്കപ്പെടുന്നവര്‍ അവിടെ ജോലിചെയ്താല്‍ മാത്രമേ ആ കാലയളവ് ഔട്ട്സ്റ്റേഷന്‍ സേവനമായി പരിഗണിക്കേണ്ടതുള്ളൂവെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനായി സ്ഥലംമാറ്റ അപേക്ഷയ്‌ക്കൊപ്പം കോളേജ് പ്രിന്‍സിപ്പലിന്റെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. വിരമിക്കുന്നതിനുമുന്നോടിയായി ഒന്നിലധികം അദ്ധ്യാപകര്‍ ഒരേ കോളേജ് (ഹോം കോളേജ്) ആവശ്യപ്പെട്ടാല്‍ കൂടുതല്‍ കാലം ഔട്ട്‌സ്റ്റേഷന്‍ സേവനമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.