ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു


സിഡ്‌നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആരോൺ ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഞായറാഴ്ച ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തോടെ അദ്ദേഹം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കും. ഫോമിന്‍റെ അഭാവമാണ് വിരമിക്കലിന്‍റെ പ്രധാന കാരണം.
എന്നാൽ ടി20യിൽ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായി അദ്ദേഹം തുടരും. അടുത്ത മാസം സ്വന്തം നാട്ടിൽ നടക്കുന്ന ടി20 ലോകകപ്പിന് ഫിഞ്ച് ഓസ്ട്രേലിയയെ നയിക്കും. ഫിഞ്ചിന്‍റെ ക്യാപ്റ്റൻസിയിൽ ഓസ്ട്രേലിയ 2021ലെ ടി20 ലോകകപ്പ് നേടിയിരുന്നു. 35 കാരനായ ഫിഞ്ച് 2015 ൽ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിന്‍റെ ഭാഗമാണ്. 2020 ലെ ഓസ്ട്രേലിയൻ ഏകദിന പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം ഫിഞ്ച് നേടി.
ഓസ്ട്രേലിയയ്ക്കായി 145 ഏകദിനങ്ങൾ കളിച്ച ഫിഞ്ച് 39.14 ശരാശരിയിൽ 5401 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 17 സെഞ്ച്വറികളും 30 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. 153 റൺസാണ് അദ്ദേഹത്തിന്‍റെ ഉയർന്ന സ്കോർ.