ഓണക്കാലത്ത് കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാന്‍ കൃഷി വകുപ്പിന്റെ ഇടപെടല്‍. സെപ്റ്റംബര്‍ നാലു മുതല്‍ ഏഴുവരെ ജില്ലയില്‍ 143 കര്‍ഷക ചന്തകള്‍ ഒരുക്കും


കണ്ണൂര്‍ : ഓണക്കാലത്ത് കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാന്‍ കൃഷി വകുപ്പിന്റെ ഇടപെടല്‍. സെപ്റ്റംബര്‍ നാലു മുതല്‍ ഏഴുവരെ ജില്ലയില്‍ 143 കര്‍ഷക ചന്തകള്‍ ഒരുക്കും.
കൃഷി വകുപ്പ് നേരിട്ട് നടത്തുന്ന 107 ചന്തകളുണ്ടാവും. ഹോര്‍ട്ടികോര്‍പ്പിന്റെ മുപ്പതും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ആറും ചന്തകളാണ് ഉണ്ടാവുക. കൃഷി വകുപ്പിന് കീഴില്‍ 89 കൃഷിഭവന്‍ പരിധികളിലും അഞ്ച് ഫാമുകളിലും ആറ് അനുബന്ധ ഓഫീസുകളിലുമാണ് ചന്തകള്‍ നടക്കുക. ഇതിന് പുറമെ തെരഞ്ഞെടുത്ത ഏഴു പഞ്ചായത്തുകളില്‍ പ്രത്യേക ചന്തകളുണ്ടാകും. പയ്യന്നൂര്‍ ബ്ലോക്കില്‍ 10, തളിപ്പറമ്ബ് 15, കല്യാശ്ശേരി ഒമ്ബത്, കണ്ണൂര്‍ ഒമ്ബത്, എടക്കാട് ഒമ്ബത്, തലശ്ശേരി 12, പാനൂര്‍ ഏഴ്, കൂത്തുപറമ്ബ് ഒമ്ബത്, പേരാവൂര്‍ എട്ട്, ഇരിട്ടി ഒമ്ബത്, ഇരിക്കൂര്‍ 10 എന്നിങ്ങനെയാണ് കൃഷി വകുപ്പിന്റെ ചന്തകളുടെ എണ്ണം. കരിമ്ബത്തെ ജില്ലാ ഫാം, കാങ്കോല്‍, വേങ്ങാട്, ടി ഇന്റു ഡി ചാലോട്, കോക്കനട്ട് നഴ്സറി പാലയാട് എന്നീ ഫാമുകളിലാണ് ചന്തകള്‍ ഒരുക്കുക.
ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ നാലിന് രാവിലെ 11ന് കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കും. പച്ചക്കറികള്‍ക്ക് പുറമേ പഴവര്‍ഗങ്ങളും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്ബനികള്‍ ഉല്‍പാദിപ്പിച്ച മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ലഭ്യമാവും. ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്കു പുറമേ വയനാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പച്ചക്കറികളും ലഭ്യമാകും. പൊതുവിപണിയിലെ സംഭരണവിലയേക്കാള്‍ 10 ശതമാനം അധികം നല്‍കിയാണ് കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ സംഭരിക്കുന്നത്. ഇത് വിപണി വിലയേക്കാള്‍ 30 ശതമാനം കുറവിലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോറുകളും ഏഴു വരെ വിവിധ കേന്ദ്രങ്ങളില്‍ യാത്ര നടത്തുന്നുണ്ട്. എല്ലാ ദിവസവും ജില്ലയിലെ വിവിധ വിപണികളിലെ വില അടിസ്ഥാനമാക്കി ജില്ലാ കൃഷി ഓഫീസില്‍ നിന്ന് നേരിട്ട് സംഭരണ വിലയും വിപണന വിലയും നിശ്ചയിക്കുമെന്ന് മാര്‍ക്കറ്റിങ് വിഭാഗം അസി. ഡയരക്ടര്‍ സി വി ജിതേഷ് അറിയിച്ചു.