ഓണക്കാലമായതോടെ പൂവിപണി സജീവമായി


ഓണക്കാലമായതോടെ പൂവിപണി സജീവമായി. തമിഴ്‌നാട്ടിലെ ദിണ്ടികലില്‍ നിന്നും എത്തിയ പൂ കച്ചവടക്കാര്‍ കോട്ടയം തിരുന്നക്കരയിലെ തെരുവുകള്‍ കയ്യടക്കി കഴിഞ്ഞു.
ദിവസവും പൂവിന്‍റെ വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നതാണ് ആവശ്യക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്
തിരുവോണം അടുത്തെത്തിയതോടെ പൂവിപണി ഉണര്‍ന്നു. കോട്ടയം തിരുന്നക്കരയിലെ വഴിയോരത്തെല്ലാം വിപണി സജീവമായിട്ടുണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പൂക്കളുടെ വസന്തം നഗരത്തെ വര്‍ണാഭമാക്കുന്നത്.പൂ വിപണി സജീവം
പല നിറത്തിലുള്ള പൂക്കളുമായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ കച്ചവടക്കാരാണ് വഴിയോര വിപണിയില്‍ ഏറെയും. വിവിധ വ്യാപാര സ്ഥാപനങ്ങളിലും, ഓഫിസുകളിലും ഓണാഘോഷം ആരംഭിച്ചു. ഇതോടെ പൂ വിപണിയില്‍ തിരക്കുമായി. എന്നാല്‍ പൂക്കള്‍ക്ക് വലിയ വില നല്‍കേണ്ടി വരുന്നതാണ് വാങ്ങാനെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നത്.
സുലഭമായി പൂക്കള്‍ ഉണ്ടെങ്കിലും ആവശ്യക്കാര്‍ കൂടുതലായതിനാല്‍ അവസരം മുതലാക്കുകയാണ് കച്ചവടക്കാരെന്ന് പൂവ് വാങ്ങാനെത്തുന്നവര്‍ പറയുന്നു. പൂക്കള്‍ക്ക് ദിവസം തോറും വില കൂടുന്നതിനാല്‍ ആഘോഷം ബജറ്റില്‍ ഒതുങ്ങില്ലെന്നാണ് പൂക്കള്‍ വാങ്ങാനെത്തുന്നവര്‍ പറയുന്നത്.
തമിഴ്‌നാട് ദിണ്ടികലില്‍ നിന്നാണ് കച്ചവടക്കാര്‍ എത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി ഇവര്‍ ഇവിടെ ഓണ കച്ചവടത്തിനെത്തുന്നത് പതിവാണ്. തെരുവ് ഇക്കൂട്ടര്‍ കൈയടക്കിയതോടെ ഫ്‌ളവര്‍ ഷോപ്പുകാരുടെ കച്ചവടം കുറഞ്ഞു.
ബന്ദി, ജമന്തി, വാടാമല്ലി, അരളി, റോസ്, താമര, മുല്ലപ്പൂവ് തുടങ്ങിയവ വില്‍പനക്കായി നിരത്തിയിട്ടുണ്ട്. ബന്ദിപ്പൂവ് മഞ്ഞ, ഓറഞ്ച് നിറങ്ങളില്‍ ലഭ്യമാണ്. കിലോക്ക് 180 രൂപയാണ് ബന്ദിയുടെ വില.
വെള്ള, മഞ്ഞ നിറത്തിലുള്ള ജമന്തിക്ക് കിലോക്ക് 200 രൂപയാണ് വില. വാടാമല്ലി 200, റോസ് അരളിയ്‌ക്ക് 300, വെള്ള അരളിയ്‌ക്ക് 400 എന്നിങ്ങനെയാണ് വില. താമര ഒരെണ്ണത്തിന് 20 രൂപയാണ് ഈടാക്കുന്നത്. മുല്ലപ്പൂ കിലോയ്‌ക്ക് 2000 രൂപയാണ് വില.
തിരുവോണം അടുക്കും തോറും വില ഉയരുകയാണെന്നും ഇത് നിര്‍ത്തലാക്കാന്‍ സംവിധാനം വേണമെന്നും പൂവ് വാങ്ങാനെത്തിയവര്‍ ആവശ്യപ്പെട്ടു.