മലങ്കര ടൂറിസം ഹബ്ബില്‍ കോടികള്‍ മുടക്കി സന്ദര്‍ശകര്‍ക്കായി നിര്‍മിച്ച എന്‍ട്രന്‍സ് പ്ലാസ ഇനിയും തുറന്നുപ്രവര്‍ത്തിക്കാന്‍ നടപടിയായില്ല
മുട്ടം: മലങ്കര ടൂറിസം ഹബ്ബില്‍ കോടികള്‍ മുടക്കി സന്ദര്‍ശകര്‍ക്കായി നിര്‍മിച്ച എന്‍ട്രന്‍സ് പ്ലാസ ഇനിയും തുറന്നുപ്രവര്‍ത്തിക്കാന്‍ നടപടിയായില്ല.
സംസ്‌ഥാന ടൂറിസം വകുപ്പില്‍നിന്ന് അനുവദിച്ച ഫണ്ടില്‍നിന്ന് മൂന്നു കോടിയോളം രൂപ ചിലവഴിച്ചാണ് എന്‍ട്രന്‍സ് പ്ലാസയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
2019 നവംബര്‍ രണ്ടിനാണ് മലങ്കര ഹബ്ബിന്റെ ഉദ്‌ഘാടനം നടത്തി. എന്നാല്‍ ഉദ്‌ഘാടനത്തിന് ശേഷം മൂന്നു വര്‍ഷമായിട്ടും ഹബിറ്റാറ്റ് ടൂറിസം വകുപ്പിന് കൈമാറിയ എന്‍ട്രന്‍സ് പ്ലാസ സന്ദര്‍ശകര്‍ക്ക് പ്രയോജനപ്പെടാതെ നശിക്കുന്ന അവസ്‌ഥയിലാണ്.
വിഭാവനം ചെയ്‌തത് നിരവധി പദ്ധതികള്‍
മുന്‍ മന്ത്രിമാരായിരുന്ന പി.ജെ. ജോസഫും കോടിയേരി ബാലകൃഷ്‌ണനും പ്രത്യേക താത്‌പര്യമെടുത്താണ് മലങ്കര ടൂറിസം പദ്ധതി വിഭാവനം ചെയ്‌ത് ഇതിനായി ഫണ്ട് അനുവദിച്ചത്. മിനി തിയറ്റര്‍, അക്വേറിയം, ലഘുഭക്ഷണശാല, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ചെറുകിട സംഭരങ്ങള്‍ എന്നിങ്ങനെ വിവിധ പദ്ധതികളാണ് എന്‍ട്രന്‍സ് പ്ലാസയില്‍ വിഭാവനം ചെയ്‌തി രുന്നത്. എന്നാലിപ്പോള്‍ എന്‍ട്രന്‍സ് പ്ലാസയില്‍ ശൗചാലയം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
കൈമലര്‍ത്തി ഹാബിറ്റാറ്റ്
കഴിഞ്ഞ ജൂണില്‍ പി.ജെ.ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കലക്‌ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത മലങ്കര ഹബ്ബിന്റെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എന്‍ട്രന്‍സ് പ്ലാസയുടെ അപാകതകള്‍ ഒരു മാസത്തിനകം പരിഹരിക്കണമെന്ന് നിര്‍മാണ ചുമതലയുണ്ടായിരുന്ന ഹബിറ്റാറ്റിനെ അറിയിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എന്‍ട്രന്‍സ് പ്ലാസയുടെ ചോര്‍ച്ച പരിഹരിക്കുമെന്നല്ലാതെ മറ്റ് പ്രശ്‌നങ്ങള്‍ സാങ്കേതിക കാരണങ്ങളാല്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഹബിറ്റാറ്റ് അധികൃതര്‍.
ഓഡിറ്റോറിയമെങ്കിലും വാടകയ്‌ക്ക് നല്‍കണം
ഇതിനിടെ എന്‍ട്രന്‍സ് പ്ലാസയില്‍ 200 ആളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യത്തില്‍ ആധുനിക രീതിയില്‍ സ്‌ഥാപിച്ച ഓഡിറ്റോറിയം പൊതുജനങ്ങള്‍ക്ക് വാടകയ്‌ക്ക് നല്‍കാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ല.
വാടകയ്‌ക്ക് നല്‍കിയാല്‍ സര്‍ക്കാര്‍ തലത്തിലുള്ള യോഗങ്ങളുള്‍പ്പടെ നിരവധി പ്രോഗ്രാമുകള്‍ ഇവിടെ നടത്താന്‍ കഴിയും. വാടകയിനത്തില്‍ ലഭിക്കുന്ന വരുമാനം ഹബ്ബിന്റെ വികസനത്തിന് ഉപയോഗപ്പെടുത്താനും കഴിയും. എന്നാല്‍ ഇക്കാര്യത്തിലൊന്നും അധികൃതര്‍ താത്‌പര്യം കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അധികൃതരുടെ അനാസ്‌ഥ തുടരുന്നു
എം.വി.ഐ.പിയുടെ അധീനതയിലുള്ള ഭൂമിയില്‍ മലങ്കര ടൂറിസം ഹബ്ബിന്റെ ഭാഗമായി നിര്‍മ്മിച്ച എന്‍ട്രന്‍സ് പ്ലാസ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനായി ടൂറിസം വകുപ്പോ ഇതിന്റെ നടത്തിപ്പുകാരായ ഹബ്ബ് ജനറല്‍ കൗണ്‍സിലോ കൃത്യമായ ഇടപെടല്‍ നടത്തുന്നില്ല. അധികൃതരുടെ അനാസ്‌ഥയെ തുടര്‍ന്നാണ് കോടികള്‍ ചെലവഴിച്ച എന്‍ട്രന്‍സ് പ്ലാസ നാടിന് പ്രയോജനം ലഭിക്കാത്ത നിലയിലായതെന്ന് ജനങ്ങള്‍ പറയുന്നു. എം.വി.ഐ.പി, ടൂറിസം, നടത്തിപ്പുകാരായ ജനറല്‍ കൗണ്‍സില്‍ തുടങ്ങിയവര്‍ക്ക് ഹബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയക്കുറവുണ്ടെങ്കില്‍ പ്രവര്‍ത്തന പരിചയമുള്ളവരെ കണ്ടെത്തി വ്യവസ്‌ഥകളോടെ അവരെ ഏല്‍പ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.