ഒരു കിലോ കഞ്ചാവും തോക്കുമായി യുവാവ് അറസ്‌റ്റില്‍


തൊടുപുഴ: കഞ്ചാവും തോക്കുമായി യുവാവ് പോലീസിന്റെ പിടിയിലായി. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി ഇടത്തിപറമ്ബില്‍ അജ്‌മലിനെയാണ് മുട്ടം പോലീസ് അറസ്‌റ്റ് ചെയ്‌തത്. മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിനു സമീപത്തുനിന്നാണ് പ്രതി പിടിയിലായത്. ഇയാളില്‍ നിന്നും 1.1 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതിന് പുറമേ ഡിജിറ്റല്‍ ത്രാസും കഞ്ചാവ് ചൂടാക്കി വലിക്കാന്‍ ഉപയോഗിക്കുന്ന കുഴലും ഒരു ബൈക്കും പ്രതിയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
വെള്ളച്ചാട്ടവും പരിസരവും കേന്ദ്രീകരിച്ച് കഴിഞ്ഞ ഏതാനും നാളുകളായി ലഹരി വില്‍പ്പന നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ രഹസ്യ പരിശോധനയിലാണ് കഞ്ചാവുമായെത്തിയ പ്രതി പിടിയിലായത്. കഞ്ചാവ് വാഹനത്തിലെത്തിച്ച് പൊതികളാക്കി വില്‍പ്പന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് സൂചിപ്പിച്ചു. ഇത്തരത്തില്‍ ചെറിയ അളവില്‍ തൂക്കിയ ശേഷം പൊതികളാക്കി നിറയ്‌ക്കുന്നതിനുള്ള ചെറിയ പ്ലാസ്‌റ്റിക് കൂടുകളും പ്രതിയുടെ ബാഗില്‍ സൂക്ഷിച്ചിരുന്നു. അജ്‌മലിനെതിരെ എക്‌സൈസിലും പോലീസിലും കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ മാസം മുട്ടത്തിന് സമീപം മ്രാലയിലെ വീട്ടില്‍ അതിക്രമിച്ച് കയറി പേര്‍ഷ്യന്‍ പൂച്ചയെ മോഷ്‌ടിച്ച കേസിലെ ഒന്നാം പ്രതിയാണ് അജ്‌മല്‍.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഓണത്തോടനുബന്ധിച്ച് റേഞ്ച് ഡി.ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരമുള്ള സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനകള്‍ ശക്‌തമാക്കിയതായി പോലീസ് പറഞ്ഞു. മുട്ടം പോലീസ് എസ്.ഐ വി.എ. അസീസ്, എ.എസ്.ഐമാരായ റ്റി.എം. ഷംസുദ്ദീന്‍, ഉണ്ണികൃഷ്‌ണന്‍, എസ്.സി.പി.ഓ സിനാജ്, മാഹിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.