ഇടുക്കി മെഡിക്കല്‍ കോളജില്‍ ഒക്ടോബറില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള ഒരുക്കം അവസാന ഘട്ടത്തില്‍


ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ ഒക്ടോബറില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള ഒരുക്കം അവസാന ഘട്ടത്തില്‍.
100 എം.ബി.ബി.എസ് സീറ്റുകളില്‍ പ്രവേശനത്തിനാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയത്. ജില്ലയുടെ ആരോഗ്യ -ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ കുതിച്ചുചാട്ടത്തിന് ഇടയാക്കും. ഒട്ടേറെ ആശങ്കകള്‍ക്കും അധ്വാനത്തിനും ഒടുവിലാണ് മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനത്തിന് അനുമതി നല്‍കിയത്.
ജില്ല ആശുപത്രിയും ജില്ല മെഡിക്കല്‍ ഓഫിസും ഉള്‍പ്പെടെ വിട്ടുകൊടുത്ത് എല്ലാ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കിയാണ് മെഡിക്കല്‍ കോളജ് യഥാര്‍ഥ്യമാക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ സംഘം കോളജും അനുബന്ധ സൗകര്യങ്ങളും പരിശോധിക്കാന്‍ എത്തിയപ്പോള്‍ ഒരുക്കങ്ങള്‍ നിഷ്കര്‍ഷിച്ച രീതിയില്‍ പൂര്‍ത്തിയായിരുന്നില്ല.
അതൃപ്തി പ്രകടിപ്പിച്ച് സംഘം മടങ്ങിയതോടെ ഇത്തവണയും ക്ലാസ് ആരംഭിക്കാന്‍ കഴിയില്ലെന്ന ആശങ്കയിലായിരുന്നു. സര്‍ക്കാറും അധികൃതരും ജനപ്രതിനിധികളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ ശേഷം വീണ്ടും നടന്ന പരിശോധനയില്‍ സംതൃപ്തി രേഖപ്പെടുത്തിയതോടെയാണ് പ്രവേശനത്തിന് അനുമതി ലഭിച്ചത്.
ജില്ല പഞ്ചായത്ത് വിട്ടുനല്‍കിയ 30 ഏക്കര്‍ സ്ഥലത്താണ് ആധുനിക സംവിധാനങ്ങളോടെ കോളജ് ആരംഭിക്കുന്നത്. ജില്ലയിലുള്ളവര്‍ വിദഗ്ധ ചികിത്സക്കായി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിനെയൊ കൊച്ചിയിലെ സ്വകാര്യ ആശുപത്രികളെയൊ ആണ് ആശ്രയിക്കുന്നത്. അതിര്‍ത്തി മേഖലകളായ മൂന്നാര്‍, നെടുങ്കണ്ടം, കുമളി, കമ്ബംമെട്ട് സ്വദേശികള്‍ തമിഴ്നാട്ടിലടക്കമാണ് ചികിത്സക്ക് പോകുന്നത്.
മണിക്കൂറുകള്‍ നീണ്ട യാത്രയും പണച്ചെലവും സമയത്ത് വിദഗ്ധ ചികിത്സ ലഭിക്കാത്ത പ്രശ്നങ്ങളും ഇവരെ അലട്ടിയിരുന്നു. മെഡിക്കല്‍ കോളജ് യഥാര്‍ഥ്യമാകുന്നതോടെ ജില്ലയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും വേഗത്തില്‍ ചികിത്സ ലഭിക്കും. പ്രതീക്ഷയോടെയാണ് മലയോര ജനത മെഡിക്കല്‍ കോളജിനെ കാത്തിരിക്കുന്നത്.