സംസ്ഥാനത്ത് അതിതീവ്ര മഴ റിപ്പോര്‍ട്ട് ചെയ്തെങ്കിലും കാര്യമായ നാശനഷ്ടം സംഭവിക്കാതിരുന്നത് സര്‍ക്കാരിന്റെ കാര്യക്ഷമമായ ഡാം മാനേജ്മെന്റിന്റെ ഫലമായാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

സംസ്ഥാനത്ത് അതിതീവ്ര മഴ റിപ്പോര്‍ട്ട് ചെയ്തെങ്കിലും കാര്യമായ നാശനഷ്ടം സംഭവിക്കാതിരുന്നത് സര്‍ക്കാരിന്റെ കാര്യക്ഷമമായ ഡാം മാനേജ്മെന്റിന്റെ ഫലമായാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.
മഴയെത്തുടര്‍ന്ന് ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍ തുറന്നിട്ടും സംസ്ഥാനത്തെ നദികളിലെ ജലനിരപ്പ് അപകടരമായ രീതിയില്‍ ഉയര്‍ന്നില്ല. കൃത്യമായ ആസൂത്രണത്തിന്‍്റെ ഫലമായിട്ടാണ് ഇക്കാര്യത്തില്‍ വിജയിക്കാനായതെന്ന് മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാം കൃത്യസമയത്ത് തുറക്കാന്‍ സാധിച്ചതിനാല്‍ ജലം നിയന്ത്രിത അളവില്‍ ഒഴുക്കി വിടാനായി. മറിച്ച് തുറക്കാന്‍ വൈകിയിരുന്നുവെങ്കില്‍ കൂടുതല്‍ ജലം ഒറ്റയടിക്ക് ഒഴുക്കി വിടേണ്ടിവരുമായിരുന്നു. ഇടുക്കി അണക്കെട്ടിലും ഇതേ രീതി തന്നെയാണ് സ്വീകരിച്ചത്. റൂള്‍ ലെവല്‍ എത്തും മുന്‍പ് തന്നെ ഡാം തുറക്കുകയും ജലം കുറഞ്ഞ അളവില്‍ ഒഴുക്കി വിടുകയുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഇടുക്കി അണക്കെട്ടില്‍ സംഭരണ ശേഷി ഉണ്ടായിരുന്നിട്ടും മുന്‍കരുതലെന്ന നിലയിലാണ് ജലം തുറന്നു വിട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 അടിയോളം ജലം ഇടുക്കിയില്‍ നിലവിലുണ്ട്. 2386.7 അടിയാണ് റൂള്‍ ലെവല്‍. നിലവില്‍ ഒരടിയോളം അധികം ജലമുണ്ട്. അതുകൊണ്ടുതന്നെ നിയന്ത്രിത അളവില്‍ ജലം ഒഴുക്കി കളയുന്നതു തുടരാനാണ് തീരുമാനമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസവും കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടി എത്തിയപ്പോള്‍ കൂടുതല്‍ ജലം കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മുഖ്യമന്ത്രി കത്തയച്ചു. ഡാം തുറക്കുന്നതിന് തലേന്ന് വൈകീട്ട് ഇക്കാര്യത്തില്‍ തമിഴ്നാടിന്‍്റെ ഭാഗത്ത് നിന്നും അറിയിപ്പ് ലഭിച്ചു. ഇടുക്കി അണക്കെട്ടില്‍ നിന്നും ജലം ഒഴുക്കി വിടുന്ന കാര്യത്തില്‍ അനുകൂല നിലപാടാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും കെ എസ് ഇ ബിയും സ്വീകരിച്ചത്. ഇതോടെ ജലം നദിയിലൂടെ കടലിലേക്ക് ഒഴുകിപ്പോകാന്‍ സാവകാശം ലഭിച്ചു. എറണാകുളം ജില്ലയില്‍ പ്രളയം ഒഴിവാക്കുന്നതിന് ഇത് സഹായമായെന്നും മന്ത്രി റോഷി അഗസ്റ്റില്‍ പറഞ്ഞു.













































































