വെളിച്ചെണ്ണ വില കൂടി, പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ ഏലയ്ക്ക

പ്രതികൂല കാലാവസ്ഥ നടപ്പ് സീസണിലെ ഏലക്ക ഉൽപാദനത്തെ ബാധിച്ചതായി കാർഷിക മേഖല. പല ഭാഗങ്ങളിലും വിളവെടുപ്പ് തുടങ്ങിയെങ്കിലും പ്രതീക്ഷയ്‌ക്ക് ഒത്ത് കായപിടിച്ചില്ല, ജൂൺ‐ജൂലൈയിലെ വരണ്ട കാലാവസ്ഥ ഉൽപാദനത്തെ ബാധിച്ചു. ഇതിനിടയിൽ ലേലത്തിൽ ഏലയ്ക്ക വരവ് കുറഞ്ഞതോടെ ശരാശരി ഇനങ്ങൾ 3200 രൂപയിലേയ്‌ക്കും മികച്ചയിനങ്ങൾ 7040 രൂപയിലേയ്‌ക്കും സഞ്ചരിച്ചു. വിലക്കയറ്റം വിദേശ ഓർഡറുകളുടെ വരവിന് തടസം തടസമുളവാക്കിയെന്ന് കയറ്റുമതി മേഖല. ഇതുമൂലം വിദേശ അന്വേഷണങ്ങൾ കുറഞ്ഞതായി കയറ്റുമതിക്കാർ. ഇന്നത്തെ ലേലത്തിൽ 47,069 കിലോ ഏലക്ക വന്നതിൽ 42,511 കിലോയും വിറ്റഴിഞ്ഞു. വലിപ്പം കൂടി ഇനങ്ങൾ 4243 രൂപയിലും ശരാശരി ഇനങ്ങൾ 3049 രൂപയിലും കൈമാറി.
തമിഴ്‌നാട് വെളിച്ചെണ്ണ വില ഒറ്റയടിക്ക് ക്വിന്റലിന് 675 രൂപ വർധിപ്പിച്ചു, അയൽ സംസ്ഥാനങ്ങളിൽ നിന്നും കാര്യമായ ഓർഡറുകളില്ലങ്കിലും വ്യവസായികളും ഊഹക്കച്ചവടക്കാരും ചേർന്ന് വിപണിയെ അമ്മാനമാടുകയാണ്. ഓണം മുന്നിൽ കണ്ട് സ്‌റ്റോക്കുള്ള വെളിച്ചെണ്ണ വൻ വിലയ്‌ക്ക് കേരളത്തിൽ വിറ്റഴിക്കാനുള്ള നീക്കമായാണ് വിപണി വൃത്തങ്ങൾ ഇതിനെ വിലയിരുത്തുന്നത്. കൊച്ചിയിൽ എണ്ണയ്‌ക്ക് 200 രൂപ വർധിച്ച് 25,500 രൂപയായി. ഏഷ്യൻ രാജ്യങ്ങളിൽ ടാപ്പിങ് പുരോഗിച്ചതിനാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ ഷീറ്റ് ലഭ്യത ഉയരാം. തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യയിലും റബർ വെട്ട് ജൂലൈയെ അപേക്ഷിച്ച് സജീവമെന്നാണ് അവിടെ നിന്നുള്ള വിവരം. പുതിയ ഷീറ്റ് വരവ് പ്രതീക്ഷിച്ച് മുൻകൂർ കച്ചവടങ്ങൾക്കുള്ള നീക്കത്തിലാണ് വ്യവസായികൾ. ബാങ്കോക്കിൽ റബർ കിലോ 267 രൂപയാണ്. ജപ്പാനീസ് നാണയമായ യെന്നിന്റെ മൂല്യം 40 വർഷങ്ങളിലെ താഴ്‌ന്ന നിലവാരമായ 163ൽ നിന്നും 157 ലേയ്‌ക്ക് ശക്തിപ്രാപിച്ചതോടെ വിദേശ നിക്ഷേപകർ അവധി വ്യാപാരത്തിൽ നിന്നും പിൻവലിഞ്ഞു. ഒസാക്കയിൽ കിലോ 410‐ 420 യെന്നിൽ ചാഞ്ചാടി. കേരളത്തിൽ നാലാം ഗ്രേഡ് റബർ കിലോ 284 രൂപയിൽ സ്‌റ്റെഡിയാണ്.









































































































































