വണ്ടി തടയാന്‍ മുന്നില്‍ ആരെങ്കിലും വേണ്ടേ! അശ്വിനിക്കൊപ്പം എല്ലാവരും പിന്നിലേയ്ക്ക് എത്തി; BJP പ്രതിഷേധം പാളി

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കയറ്റിയ പൊലീസ് ജീപ്പ് തടയാനായി ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ശ്രമം സോഷ്യൽ മീഡിയയിൽ വൈറൽ. പ്രവർത്തകരെ കയറ്റിയ പൊലീസ് ജീപ്പിന് പിന്നിലേയ്ക്ക് മുദ്രാവാക്യവുമായി ബിജെപി കാസർകോട് ജില്ലാ പ്രസിഡൻ്റ് എം എൽ അശ്വിന് എത്തുന്നതും ജീപ്പ് സുഗമമായി മുന്നോട്ട് എടുത്ത് പോകുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാസര്‍കോട് എത്തിയ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനെതിരെ നടന്ന പ്രതിഷേധത്തിലാണ് രസകരമായ സംഭവം ഉണ്ടായത്.
ആവേശകരമായ മുദ്രാവാക്യവുമായി ബിജെപി ജില്ലാ പ്രസിഡന്റ് മറ്റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കയറ്റിയ പൊലീസ് ജീപ്പിന് പിന്നിലെ സ്റ്റെപ്പിനി ടയറില്‍ പിടിച്ച് നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത് സര്‍ക്കാര്‍ വക സ്ഥലമാണെന്നും ഇവിടെ നില്‍ക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും ബിജെപി നേതാവ് പറയുന്നുണ്ടായിരുന്നു. ഈ വണ്ടി ഇവിടെ നിന്ന് എങ്ങനെ പോകുമെന്ന് കാണണമെന്ന് പറഞ്ഞ പ്രസിഡന്റ് പിന്നാലെ സവര്‍ക്കര്‍ അനുകൂല മുദ്രാവാക്യങ്ങലും വിളിക്കാന്‍ തുടങ്ങി.
എന്നാല്‍ യാതൊരു പ്രയാസവുമില്ലാതെ വാഹനം മുന്നിലേക്ക് എടുത്തപ്പോഴാണ് വാഹനം തടയാന്‍ മുന്നില്‍ ആളുണ്ടായിരുന്നില്ല എന്ന് ജില്ലാ പ്രസിഡൻ്റിന് മനസ്സിലാകുന്നത്. ആദ്യം മുന്നില്‍ നിന്ന് വണ്ടി തടഞ്ഞിരുന്നെങ്കിലും ജില്ലാ പ്രസിഡന്റ് പിന്നിലേക്ക് പോയപ്പോള്‍ എല്ലാവരും അവരോടൊപ്പം പുറകിലേക്ക് പോകുകയായിരുന്നു. പിന്നാലെ, താന്‍ പുറകില്‍ വന്നപ്പോള്‍ എല്ലാവരും പിന്നില്‍ വന്നോ എന്നും വണ്ടി തടയാന്‍ മുന്നില്‍ ആരെങ്കിലും നില്‍ക്കണ്ടെ എന്നും എം എല്‍ അശ്വിനി ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വാഹനം പോയതിന് ശേഷം വീണ്ടും ജില്ലാ പ്രസിഡന്റ് മുദ്രാവാക്യം തുടരുകയായിരുന്നു. സവര്‍ക്കര്‍ അനുകൂല ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്‌പെന്റ് ചെയ്തതിനായിരുന്ന വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധമുണ്ടായത്.









































































































































