ഓണം മായത്തില്‍ മുക്കാന്‍ വിപണിയില്‍ വ്യാജന്‍മാരുടെ പ്രളയം


ഓണം മായത്തില്‍ മുക്കാന്‍ വിപണിയില്‍ വ്യാജന്‍മാരുടെ പ്രളയം. മായം കലര്‍ത്തിയ ഭക്ഷ്യവസ്‌തുക്കള്‍ വന്‍തോതില്‍ സംസ്‌ഥാനത്തെ വിപണിയിലേക്ക് ഒഴുകുന്നു.
സംവിധാനങ്ങളിലെ പിഴവും നിയമങ്ങളുടെ അപര്യാപ്‌തതയും പരിശോധനയില്ലായ്‌മയും മുതലെടുത്താണ് അയല്‍ സംസ്‌ഥാനങ്ങളില്‍നിന്നടക്കം ഇവിടേക്ക് ഭക്ഷ്യവസ്‌തുക്കള്‍ എത്തിക്കുന്നത്. ഓണത്തിന് ഒരുമാസം മാത്രം അവശേഷിക്കെ, സംസ്‌ഥാനത്തെ വിവിധ ഗോഡൗണുകളില്‍ ഇവ ഭദ്രമായി എത്തിക്കഴിഞ്ഞു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കെടുകാര്യസ്‌ഥതയാണ് വിപണി മായത്തില്‍ മുങ്ങാന്‍ കാരണം. പിടികൂടിയാലും ഭക്ഷ്യസാധനങ്ങളില്‍ വിഷം ചേര്‍ക്കുന്നവര്‍ക്കെതിരേ കാര്യമായ നടപടി ഉണ്ടാകുന്നില്ല. വെളിച്ചെണ്ണയും മറ്റു ഭക്ഷ്യയെണ്ണകളും പപ്പടവും വന്‍തോതിലാണ് എത്തിയിരിക്കുന്നത്. വിപണിയില്‍ സജീവമായ പായസക്കൂട്ടുകളോടും കറിപ്പൊടികളോടും സാമ്യം തോന്നുന്നവയും എത്തിയിട്ടുണ്ട്. ഓണത്തിന്റെ തിരക്കില്‍ ഇവ മറ്റുള്ളവയ്‌ക്കൊപ്പം ഇടകലര്‍ത്തി വില്‍ക്കുന്നതിന് വന്‍ കമ്മീഷനാണ് വ്യാജന്‍മാര്‍ ഓഫര്‍ ചെയ്യുന്നത്. വന്‍കിട കറിപൗഡറുകളിലും ഭക്ഷ്യയെണ്ണകളിലും വരെ മായം കലര്‍ന്നിട്ടുണ്ടെന്ന സൂചനയാണ് വിപണിയില്‍നിന്നു ലഭിക്കുന്നത്. നിരവധി തവണ പിടിയിലായ ചില വെളിച്ചെണ്ണക്കമ്ബനികള്‍ പേരുമാറ്റി മറ്റു കമ്ബനികളോടു സാമ്യം തോന്നുന്നവ കേരളത്തിലെമ്ബാടും വിറ്റഴിക്കുന്നു. ഉപ്പില്‍പ്പോലും വ്യാജന്‍മാര്‍ എത്തിയിട്ടുണ്ട്.
അതേസമയം, മായം കലര്‍ന്ന ഭക്ഷ്യവസ്‌തുക്കള്‍ പിടികൂടുന്ന ഫുഡ് സേഫ്‌റ്റി ഇന്‍സ്‌പെകടര്‍മാരെ ഭക്ഷ്യസുരക്ഷാ വകുപ്പ് സംരക്ഷിക്കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. വന്‍കിട കമ്ബനികളുടെ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയാല്‍ ഒരാഴ്‌ചക്കുള്ളില്‍ കസേര തെറിക്കുന്ന സ്‌ഥിതിയാണ്. അതുകൊണ്ട് പരിശോധനകള്‍ പ്രഹസനമാകുന്ന സ്‌ഥിതിയുമുണ്ട്. പരാതി ലഭിക്കുമ്ബോള്‍ വഴിപാടുപോലെയാണ് ഉദ്യോഗസ്‌ഥര്‍ കടകളില്‍ കയറുന്നത്. നല്ല സാധനങ്ങളുടെ സാമ്ബിളുകള്‍ മാത്രം ശേഖരിച്ച് മിക്കപ്പോഴും ഇവര്‍ കുറ്റക്കാരെ രക്ഷപെടുത്തുന്നു. മായമുണ്ടെങ്കില്‍ പിഴ അടക്കാനും നിയമനടപടി നേരിടാനുമുള്ള നോട്ടീസാണു നല്‍കേണ്ടത്. എന്നാല്‍ നിസാരമായ കുറ്റങ്ങള്‍ക്കുള്ള നോട്ടീസാണ് നല്‍കാറുള്ളത്.
വെറ്ററിനറി, ആയുര്‍വേദ ഡോക്‌ടര്‍മാരാണ് ഫുഡ് സേഫ്‌റ്റി ഇന്‍സ്‌പെകടര്‍മാരുടെ പോസ്‌റ്റില്‍ കൂടുതലായും നിയമിതരാകുന്നത്. വിഷയങ്ങളിലെ അറിവ് ഇവര്‍ക്ക് ഈ ജോലി ലഭിക്കാന്‍ കാരണമാകുന്നു. എന്നാല്‍ യോഗ്യതക്കനുസരിച്ചുള്ള മറ്റു ജോലി ലഭിക്കുമ്ബോള്‍ ഇവര്‍ ഫുഡ് ഇന്‍സ്‌പെകടര്‍ ജോലി ഉപേക്ഷിക്കും. പകരം നിയമനത്തിന് കാലതാമസമുണ്ടാകുന്നതും ഭക്ഷ്യവസ്‌തുക്കളിലെ മായം പെരുകാന്‍ കാരണമാണ്. മിനിസ്‌റ്റീരിയല്‍ ജീവനക്കാരെ ഉപയോഗിച്ചു ഭക്ഷ്യസുരക്ഷാ പരിശോധന നടത്തണമെന്നാണു നിയമമെങ്കിലും ലാസ്‌റ്റ് ഗ്രേഡ് ഉദ്യോഗസ്‌ഥരെയാണ് പലപ്പോഴും ഉപയോഗിക്കുന്നത്. ഇവരുടെ പരിചയമില്ലായ്‌മയും പരിശോധനകളെ ബാധിക്കുന്നു.
മായം ചേര്‍ക്കുന്നവര്‍ക്ക് അയ്യായിരം രൂപ വരെയുള്ള പിഴയാണ് സാധാരണ ഇടുന്നത്. ഇതടച്ച് നിയമനടപടികളില്‍നിന്നു മോചിതരാകുന്നവര്‍ മറ്റൊരു പേരില്‍ വിപണിയില്‍ തിരിച്ചെത്തുകയാണു പതിവ്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം സംസ്‌ഥാനത്ത് നടപ്പാക്കുന്നതിന്റെ സമഗ്രമായ മേല്‍നോട്ടത്തിനും വിലയിരുത്തലിനുമായി രൂപീകരിച്ച ഭക്ഷ്യ കമ്മിഷനിലും കാര്യമായ പരാതികള്‍ എത്തുന്നില്ലെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ കമ്മീഷനു ലഭിച്ച 95 പരാതികളില്‍ 78 ലും തീര്‍പ്പുകല്‍പ്പിച്ചു.