വിക്ഷേപണത്തിന് പിന്നാലെ എസ്.എസ്.എല്‍.വിയുടെ സിഗ്നല്‍ നഷ്ടമായി


ന്യുഡൽഹി: ഐ എസ് ആര്‍ ഒ രൂപകല്പന ചെയ്ത എസ്എസ്എൽവി വിക്ഷേപണത്തിന് പിന്നാലെ സാങ്കേതിക തകരാര്‍. ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനാവുന്നില്ല എന്നും സിഗ്നല്‍ തകരാര്‍ പരിശോധിക്കുകയാണ് എന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. എസ് എസ് എല്‍ വി-ഡി1 എല്ലാ ഘട്ടങ്ങളിലും പ്രതീക്ഷിച്ച പോലെ പ്രകടനം നടത്തി എന്നും ദൗത്യത്തിന്റെ ടെര്‍മിനല്‍ ഘട്ടത്തില്‍, സിഗ്നൽ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ ഭ്രമണപഥം കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് ദൗത്യത്തിന്റെ അന്തിമഫലത്തിനായി തങ്ങള്‍ ഡാറ്റ വിശകലനം ചെയ്യുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ പ്രവർത്തിക്കേണ്ട ലിക്വിഡ് പ്രോപൽഷൻ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളിൽ (വിടിഎം) എന്തോ സാങ്കേതിക പ്രശ്നം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നിരീക്ഷിച്ചുവരുകയാണെന്ന് ഐഎസ്ആർഒ ട്വീറ്റ് ചെയ്തു.