മണര്‍കാട് പാടശേഖരത്ത് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: മണര്‍കാട് പാടശേഖരത്ത് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മണര്‍കാട് സ്വദേശി ജോയല്‍ മാത്യുവാണ് മരണമടഞ്ഞത്.
പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്തിയത്. ബുധനാഴ്ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് ജോയല്‍ പാടശേഖരത്ത വെള്ളക്കെട്ടില്‍ അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ ദിവസം തൃശ്ശൂരിലും വെള്ളക്കെട്ടില്‍ വീണ് ഒരു അപകടമരണം സംഭവിച്ചിരുന്നു. തൃശൂര്‍ പുതുക്കാട് ഉഴിഞ്ഞാല്‍പാടത്തെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ കണ്ണമ്ബത്തൂര്‍ പുത്തന്‍പുരക്കല്‍ വര്‍ഗീസിന്റെ മകന്‍ ബാബു (53) ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ആറുമണിയോടെ അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു.
അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാനാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചേക്കും. 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിന് മുകളില്‍ അന്തരീക്ഷചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളില്‍ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ച പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.