കൊല്ലത്തും പത്തനംതിട്ടയിലുമായി നാല് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു ; പത്തനംതിട്ടയിലെ കാര്‍ ഒഴുക്കില്‍പ്പെട്ട അപകടത്തില്‍ നാല് പേരും മരിച്ചു
സംസ്ഥാനത്ത് മഴ കനക്കുന്നു.ശക്തമായ മഴയില്‍ പലയിടത്തും വെള്ളംപൊങ്ങി. ഉള്‍ വനങ്ങളില്‍ ഉരുള്‍പൊട്ടിയതായും സൂചനയുണ്ട്.
കൊല്ലത്തും പത്തനംതിട്ടയിലുമായി നാല് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പത്തനംതിട്ടയിലെ കാര്‍ ഒഴുക്കില്‍പ്പെട്ട അപകടത്തില്‍ നാല് പേരും മരിച്ചു.
കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇടുക്കി ചക്കുപള്ളം സ്വദേശികളായ ഇവര്‍ പത്തു വര്‍ഷമായി പത്തനംതിട്ട കുമ്ബനാട് ആണ് താമസിക്കുന്നത്. മരിച്ച ചാണ്ടി മാത്യു പാസ്റ്റര്‍ ആണ്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ബസിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. 20 മിനിറ്റോളം കാര്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നെന്നാണ് ദൃക്‌സാക്ഷികള്‍ വിശദീകരിക്കുന്നത്. പുറകിലുണ്ടായിരുന്ന കാര്‍ കാണ്മാനില്ലെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് ആദ്യഘട്ടത്തില്‍ തിരിച്ചില്‍ നടത്തിയത്. മഴ ശക്തമായതിനാല്‍ തോട്ടില്‍ വലിയ തോതില്‍ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം ദുസ്സഹമാക്കി. നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിശമന സേന എത്തിയാണ് കാര്‍ കരക്കെത്തിച്ചത്.
കൊല്ലത്ത് അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് മധുര സ്വദേശി കുമരന്‍ ആണ് മരിച്ചത്. പത്തനംതിട്ടയില്‍ കൊല്ലമുള പലകക്കാവില്‍ ഒഴുക്കില്‍പ്പെട്ട അദ്വൈതാണ് മരിച്ച മറ്റൊരാള്‍.
കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. കല്ലാറും മക്കിയാറും കരകവിഞ്ഞൊഴുകി. മീന്‍മുട്ടിയില്‍ പോയ വിനോദസഞ്ചാരികള്‍ തിരിച്ചുവരാന്‍ ആകാതെ അകപ്പെട്ടു. കല്ലാറില്‍ കുളിക്കാനെത്തിയ തിരുവല്ല സ്വദേശികളായ രണ്ട് യുവാക്കള്‍ ആറ്റില്‍ വെള്ളം ഉയര്‍ന്നതിനെതുടര്‍ന്ന് മണിക്കൂറോളം പാറയില്‍ കുടുങ്ങി.തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഇവരെ കരയ്‌ക്കെത്തിച്ചു.
കോട്ടയത്തും മലയോര മേഖലകളില്‍ കനത്ത മഴയാണ്. മേലുകാവ്, മൂന്നിലവ്, മുണ്ടക്കയം, എരുമേലി തുടങ്ങി മലയോര മേഖലകളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ശക്തമായ മഴയും ഉരുള്‍ പൊട്ടലുമുണ്ടായതോടെ കോട്ടയം ഇലവീഴാപൂഞ്ചിറയില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങികിടന്നിരുന്നു. ആര്‍ക്കും പരിക്കുകളില്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.മൂന്നിലവ് വില്ലേജില്‍ ഉരുള്‍പൊട്ടലുണ്ടായി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ കരിനിലത്ത് തോട് കര കവിഞ്ഞു. ഇടുക്കി മൂലമറ്റത്ത് ഉരുള്‍പൊട്ടിയതായി സംശയമുണ്ട്.സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയും നിര്‍ദേശിച്ചിരുന്നു.