കൊല്ലം അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെളളപ്പാച്ചിലില്‍ പെട്ട് ഒരാള്‍ മരിച്ചു
കൊല്ലം : കൊല്ലം അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെളളപ്പാച്ചിലില്‍ പെട്ട് ഒരാള്‍ മരിച്ചു.
തമിഴ്‌നാട് മധുര സ്വദേശി കുമരന്‍ ആണ് മരിച്ചത്. തലയ്‌ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ ചെങ്കോട്ട ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാറക്കെട്ടില്‍ തലയിടിച്ച് വീണ ഈറോഡ് സ്വദേശി കിഷോര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉച്ചയ്‌ക്കുശേഷം അച്ചന്‍കോവില്‍ വനത്തില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് മഴവെള്ളപ്പാച്ചില്‍ ഉണ്ടായത്. നൂറിലധികം വിനോദസഞ്ചാരികള്‍ സ്ഥലത്തുണ്ടായിരുന്നു. മഴവെള്ളപ്പാച്ചിലില്‍ പെട്ട് കുടുങ്ങിക്കിടന്ന അഞ്ചു പേരെ പോലീസ് രക്ഷപ്പെടുത്തി. ഈ സാഹചര്യത്തില്‍ അച്ചന്‍കോവിലില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
കഴിഞ്ഞ ദിവസം ചെങ്കോട്ട കുറ്റാലം വെള്ളച്ചാട്ടത്തിലും മലവെള്ളപ്പാച്ചിലില്‍ ഉണ്ടായി. അപകടത്തില്‍ രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായിരിക്കുകയാണ്. കോട്ടയം മീനച്ചില്‍ മൂന്നിലവില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായതോടെ മൂന്നിലവ് ടൗണില്‍ വെള്ളം കയറി. ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, പാല, ഇടമറുക് എന്നിവടങ്ങളിലെല്ലാം ശക്തമായ മഴ തുടരുകയാണ്.