മലയോര മേഖലയിൽ ജാഗ്രതാ നിർദേശം ; ആളുകളെ ഉടൻ ക്യാമ്പിലേക്ക് മാറ്റണം
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ മലയോര മേഖലകളിൽ താമസിക്കുന്നവരെ ഉടൻ തന്നെ ക്യാമ്പുകളിലേക്ക് മാറ്റണമെന്നും നോട്ടീസിൽ പറയുന്നു.
വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉടൻ സ്ഥാപിക്കണം. മഴ തുടങ്ങിയാലുടൻ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കണം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്യാമ്പുകൾ സജ്ജമാക്കണമെന്നും നിർദേശം നൽകി. പശ്ചിമഘട്ട മലനിരകളിലേക്കുള്ള ഗതാഗതം രാത്രി 7 മുതൽ രാവിലെ 7 വരെ നിരോധിച്ച് ഉത്തരവിറക്കണമെന്നും നിർദേശമുണ്ട്.