ഇടുക്കിയുടെ 50-ാം പിറന്നാള്‍ സമ്മാനമാണ് ഇടുക്കി മെഡിക്കല്‍ കോളജിന്റെ അംഗീകാരമെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍
ചെറുതോണി: ഇടുക്കിയുടെ 50-ാം പിറന്നാള്‍ സമ്മാനമാണ് ഇടുക്കി മെഡിക്കല്‍ കോളജിന്റെ അംഗീകാരമെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍.
മെഡിക്കല്‍ കോളജില്‍ 100 കുട്ടികള്‍ക്ക് അഡ്‌മിഷന്‍ ലഭിച്ചതിനെത്തുടര്‍ന്ന് സെപ്‌റ്റംബറില്‍ ക്ലാസാരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി മെഡിക്കല്‍ കോളജില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ബ്ലോക്കില്‍ ആശുപത്രി ഒന്നാംതീയതി തന്നെ പ്രവര്‍ത്തനം ആരംഭിക്കും.
പുതിയതായി ഓങ്കോളജി, കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങള്‍കൂടി ഉടന്‍ ആരംഭിക്കും. സെപ്‌റ്റംബറില്‍ ക്ലാസ് ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും കുറവുള്ളത് ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. 2011 മേയ് 16നു കെ.എം. മാണി ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്. 2014 സെപ്‌റ്റംബറില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ആദ്യം ഉദ്‌ഘാടനം നടത്തിയത്. ആദ്യ രണ്ടു വര്‍ഷം 50 പേര്‍ക്ക് വീതം അഡ്‌മിഷന്‍ നല്‍കിയിരുന്നു. മൂന്നാം വര്‍ഷം അംഗീകാരം ലഭിക്കാത്തതിനെത്തുടര്‍ന്ന് ആദ്യം പ്രവേശിപ്പിച്ച കുട്ടികളെ മറ്റു മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റി. അന്നുമുതലുള്ള പരിശ്രമത്തിനുശേഷമാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെയും മന്ത്രി നന്ദി അറിയിച്ചു.
ഇടുക്കി മെഡിക്കല്‍ കോളജിന് ഐ.എം.സിയുടെ അംഗീകാരം കിട്ടിയതിനെത്തുടര്‍ന്ന് ഇതിനായി പരിശ്രമിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിനേയും സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനേയും ഹോസ്‌പിറ്റല്‍ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ഇന്നലെ രാവിലെ ഒന്‍പതിനു പുതിയ ബ്ലോക്കില്‍ കലക്‌ടറുടെ അധ്യഷതയില്‍ ചേര്‍ന്ന ആശുപത്രി ജീവനക്കാരുടേയും പൊതുപ്രവര്‍ത്തകരുടേയും യോഗത്തിലാണ് ആദരിച്ചത്. മന്ത്രിയെത്തിയപ്പോള്‍ ജീവനക്കാര്‍ പടക്കം പൊട്ടിച്ചാണ് വരവേറ്റത്. കലക്‌ടര്‍ ഷീബാ ജോര്‍ജ്, വികസന കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സൂപ്രണ്ട് സുരേഷ് വര്‍ഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്ബള്ളി, വര്‍ക്കിങ് പ്രസിഡന്റ് ടി. വിനോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, കടാശ്വാസ കമ്മീഷന്‍ അംഗം അഡ്വ. ജോസ് പാലത്തിനാല്‍, മെഡിക്കല്‍ കോളജ് ഗവണ്‍മെന്റ് പ്രതിനിധി ഷിജോ തടത്തില്‍, ജോസ് കുഴികണ്ടം, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, നിമ്മി ജയന്‍, രാജു കല്ലറക്കല്‍, അനില്‍ കൂവപ്ലാക്കല്‍, ഔസേപ്പച്ചന്‍ ഇടക്കുളത്തില്‍, സജി തടത്തില്‍, സിജി ചാക്കോ, ജെയിന്‍ അഗസ്‌റ്റിന്‍, സണ്ണി ഇല്ലിക്കല്‍, സാജന്‍ കുന്നേല്‍, കെ.എം. ജലാലുദ്ദീന്‍, സി.എം. അസീസ് എന്നിവര്‍ പങ്കെടുത്തു.