വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി കലക്‌ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു
ചെറുതോണി: ഭക്ഷ്യവസ്‌തുക്കള്‍ക്ക് ചുമത്തിയ അഞ്ചുശതമാനം ജി.എസ്.ടി. പിന്‍വലിക്കുക, വര്‍ധിപ്പിച്ച വൈദ്യുതി ചാര്‍ജ് കുറവു ചെയ്യുക, പ്ലാസ്‌റ്റിക് നിരോധനം ഒരു വര്‍ഷംകൂടി നീട്ടിവയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടത്തിയ കലക്‌ടറേറ്റ് മാര്‍ച്ച് സര്‍ക്കാരിനും ജി.എസ്.ടി ഉദ്യോഗസ്‌ഥര്‍ക്കുമുള്ള താക്കീതായി.
ആയിരക്കണക്കിന് വ്യാപാരികളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കവാടത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് കലക്‌ട്രേറ്റ് പടിക്കല്‍ പോലീസ് തടഞ്ഞു. ജി.എസ്.ടി ഉദ്യോഗസ്‌ഥര്‍ തല്ലുന്നേ, കൊല്ലുന്നേ തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയാണ് ജാഥ കടന്നു പോയത്. കലക്‌ടറേറ്റ് പടിക്കല്‍ നടന്ന ധര്‍ണയില്‍ കെ.ആര്‍. വിനോദ് അധ്യഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്ബിള്ളില്‍ ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യയ്‌ക്ക് സ്വാതന്ത്യം കിട്ടിയശേഷം ഭരണത്തിലിരുന്ന ഒരു സര്‍ക്കാരും ഭക്ഷ്യവസ്‌തുക്കള്‍ക്ക് നികുതിയേര്‍പ്പെടുത്തിയിട്ടില്ലെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്ബോഴും 18 മുതല്‍ അഞ്ചു ശതമാനം നികുതി പിരിക്കാന്‍ തുടങ്ങിയതായും സണ്ണി പൈമ്ബിള്ളില്‍ പറഞ്ഞു. ഭക്ഷണ സാധനങ്ങള്‍ക്ക് നികുതി പിരിക്കാന്‍ തുടങ്ങിയതോടെ സമസ്‌ത മേഖലയിലും വിലക്കയറ്റമുണ്ടായി. വൈദ്യുതി ചാര്‍ജ് സാധാരണ ജനങ്ങള്‍ക്ക് മൂന്ന് രൂപയ്‌ക്കു നല്‍കുമ്ബോള്‍ വ്യാപാരികള്‍ക്ക് എട്ടു രൂപക്കാണ് നല്‍കുന്നത്. ഡിപ്പോസിറ്റ് തുകയും വര്‍ധിപ്പിച്ചു. ഇതു പിന്‍വലിക്കണമെന്നും സണ്ണി പൈമ്ബിള്ളില്‍ ആവശ്യപ്പെട്ടു. ടെസ്‌റ്റ് പര്‍ച്ചേസിന്റെ പേരില്‍ ജി.എസ്.ടി ഉദ്യോഗസ്‌ഥര്‍ വ്യാപാരികളെ പീഡിപ്പിക്കുകയാണ്. ടെസ്‌റ്റ് പര്‍ച്ചേസിന്റെ പേരില്‍ ഉദ്യോഗസ്‌ഥര്‍ക്ക് പണം നല്‍കിയാല്‍ കേസില്ലെന്നും പ്രസിഡന്റ് ആരോപിച്ചു. സജീബ് ഇല്ലത്തുപറമ്ബില്‍, വി.കെ മാത്യൂ, പി.എം ബേബി, തങ്കച്ചന്‍ കൊട്ടക്കകത്ത്, സി.കെ. ബാബുലാല്‍, ആര്‍ ജയശങ്കര്‍, സിബി കൊല്ലംകുടിയില്‍, വി.കെ ഷാഹുല്‍ ഹമീദ്, വി.ജെ ചെറിയാന്‍, പി.കെ. മാണി, വി.എസ് ബിജു, ഷാജി കാഞ്ഞമല, ജോസ് കുഴികണ്ടം, എന്‍. ഭദ്രന്‍, ആര്‍. രമേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.