ഓള്‍ ഇന്ത്യ കോര്‍പ്പറേറ്റ് ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളിക്ക് പുരസ്‌കാരം
ഓള്‍ ഇന്ത്യ കോര്‍പ്പറേറ്റ് ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളിക്ക് പുരസ്‌കാരം. തൊടുപുഴ തൊണ്ടിക്കുഴ സ്വദേശിയും ഫെഡറല്‍ ബാങ്ക് ജീവനക്കാരനുമായ അനീഷ് ജയനാണ് വന്യജീവി വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ ഒന്നാണിത്. ബാങ്കിങ്, ഓട്ടോമൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍, മാനുഫാക്ച്ചറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മുതലായ മേഖലയില്‍ നിന്ന് പത്തുലക്ഷത്തോളം ആളുകള്‍ ഉള്‍പ്പെടുന്നതാണ് കോര്‍പ്പറേറ്റ് മേഖല. ഏകദേശം 1,17,000 ചിത്രങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സരത്തിനെത്തിയത്. വന്യജീവി വിഭാഗത്തില്‍ സമ്മാനം നേടിയ ഏക മലയാളി കൂടിയാണ് അനീഷ്.
കര്‍ണ്ണാടകയിലെ കബനി വനത്തില്‍ നിന്ന് പുലി മ്ലാവിന്‍ കുഞ്ഞിനെ വേട്ടയാടി കടിച്ചുകൊണ്ട് പോകുന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. വന്യജീവി വിഭാഗത്തില്‍ മുമ്ബും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 13 വര്‍ഷം മുമ്ബ് തുടങ്ങിയ ഫോട്ടോഗ്രാഫി തൊടുപുഴ ഫെഡറല്‍ ബാങ്ക് ശാഖയിലെ തിരക്കിട്ട ജോലിക്കൊപ്പം കൊണ്ടുപോകുകയാണ് ഈ 34കാരന്‍. നിരവധി സ്‌കൂളുകളിലും കോളേജുകളിലും റസിഡന്‍സ് അസോസിയേഷനിലും വന്യജീവി സംരക്ഷണം സംബന്ധിച്ച് ബോധവത്കരണ ക്ലാസുകളെടുക്കാറുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക വന്യജീവി സങ്കേതങ്ങളും അനീഷ് ഇതിനോടകം തന്നെ സന്ദര്‍ശിച്ച് കഴിഞ്ഞു. ഈ മാസം 31ന് മുംബെയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങും.