നെല്ലിപ്പാറ ആദിവാസി കോളനിയില് കാട്ടാനശല്യം രൂക്ഷം
അടിമാലി: നെല്ലിപ്പാറ ആദിവാസി കോളനിയില് കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം കുടിയില് എത്തിയ കാട്ടാനക്കൂട്ടം തങ്കമണി ദാമോദരന്റെ വീട് ഭാഗികമായി തകര്ത്തു.
ആനശല്യം ഭയന്ന് ഇവര് രാത്രി മറ്റൊരു വീട്ടിലേക്ക് മാറിയതിനാല് അപകടം ഒഴിവായി. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് ആനകളാണ് കുടിയിലെത്തി നാശംവിതച്ചത്.
വീടിനു നാശനഷ്ടം വരുത്തിയതിനു പിന്നാലെ വ്യാപക കൃഷിനാശവും ഉണ്ടാക്കി. നാല്പതോളം ആദിവാസി കുടുംബമാണ് നെല്ലിപ്പാറ കുടിയില് താമസിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്ന്ന് വനപാലകര് എത്തി പടക്കം പൊട്ടിച്ചും മറ്റും ആനകളെ തുരത്താന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വ്യാപക കൃഷിനാശം വരുത്തിയ ശേഷമാണ് ആനകള് പിന്തിരിഞ്ഞത്. തെങ്ങ്, കമുക്, വാഴ, കപ്പ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്.
സര്ക്കാര് അടിയന്തരമായി ഇടപെട്ട് ആനകളെ തുരത്താനും വീട്, കൃഷി എന്നിവക്ക് നാശം സംഭവിച്ചവര്ക്ക് നഷ്ടപരിഹാരം നല്കാനും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.