പിതൃബലി തർപ്പണ ചടങ്ങുകൾക്ക് ഒരുങ്ങി ക്ഷേത്രങ്ങൾ

കട്ടപ്പന: കർക്കിടക വാവുബലിക്ക് ഒരുങ്ങി ഹൈറേഞ്ചിലെ ക്ഷേത്രങ്ങൾ.ഇക്കുറി വിപുലമായ ഒരുക്കങ്ങളാണ് പ്രാധാന ക്ഷേത്രങ്ങളിൽ അടക്കം നടത്തിയിരിക്കുന്നത്.അയ്യപ്പന്‍കോവില്‍ പുരാതന ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവു ബലിയും ഒപ്പം പിതൃസായൂജ്യ പൂജയും തിലഹവന ഹോമവും 28 ന് നടക്കും.പുലര്‍ച്ചെ 5.30 മുതല്‍ കര്‍മങ്ങള്‍ ആരംഭിക്കും.ഭാഗവതാചാര്യന്‍ ടി.കെ. രാജു കാര്‍മികത്വം വഹിക്കും. ചടങ്ങുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭരണ സമിതി പ്രസിഡന്റ് കെ.എ. ഷാജി കന്നിയേലത്ത് അറിയിച്ചു.
എസ്.എൻ.ഡി പി യോഗം പുളിയൻമല ശാഖാ യോഗത്തിൽ കർക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.രാവിലെ 6 മുതൽ വിജയൻ ശാന്തികളുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ ആരംഭിക്കും.തുടർന്ന് ഔഷധ സേവയും ഉണ്ടായിരിക്കും.
തൊപ്പിപ്പാള എസ് എൻ ഡി പി യോഗം ശാഖാ യോഗത്തിലെ ഗുരുദേവ ക്ഷേത്രത്തിലും രാവിലെ 6 മണി മുതൽ പിതൃബലി തർപ്പണ ചടങ്ങുകൾ നടക്കും. ഷാജൻ ശാന്തികൾ മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.
ഈട്ടിത്തോപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.28 ന് രാവിലെ 6 മണിക്ക് ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കും.6.30 മുതൽ 9.30 വരെ ബലിതർപ്പണ ചടങ്ങുകൾ.തുടർന്ന് ക്ഷേത്രത്തിൽ ഔഷധ കഞ്ഞി വിതരണവും നടക്കും.