ഓണത്തിന് വിഷരഹിത പച്ചക്കറികള്‍ അടുക്കളയിലെത്തിക്കാന്‍ കൃഷി വകുപ്പ് നേതൃത്വത്തില്‍ ജില്ലയില്‍ കൃഷിയിറക്കിയത് 2200 ഹെക്ടറില്‍
ഓണത്തിന് വിഷരഹിത പച്ചക്കറികള്‍ അടുക്കളയിലെത്തിക്കാന്‍ കൃഷി വകുപ്പ് നേതൃത്വത്തില്‍ ജില്ലയില്‍ കൃഷിയിറക്കിയത് 2200 ഹെക്ടറില്‍.
കാബേജ്, കോളിഫ്ലവര്‍, കാരറ്റ്, ബീറ്റ്റൂട്ട്, ബീന്‍സ്, പടവലം, പയര്‍, പാവല്‍, മത്തന്‍, കുമ്ബളം, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവയാണ് പ്രധാന ഇനങ്ങള്‍. 1,80,000 പച്ചക്കറി വിത്തുകളും ആറു ലക്ഷം തൈകളും കൃഷി വകുപ്പ് വിതരണം ചെയ്തിരുന്നു.
ഓണനാളുകളില്‍ ജില്ലയില്‍നിന്ന് 25 ടണ്‍ പച്ചക്കറി വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കൃഷി വകുപ്പ്. വിഷരഹിത പച്ചക്കറി എത്തിക്കുക എന്നതിനൊപ്പം യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനായാണ് ‘എല്ലാവരും കൃഷിയിലേക്ക്’ പദ്ധതിക്ക് രൂപം നല്‍കി ഓണക്കാലത്തിന് മുന്നോടിയായി കൃഷിയിറക്കിയത്.
ഇതിനായി കൃഷി ഓഫിസര്‍മാര്‍ പഞ്ചായത്ത്, നഗരസഭ അംഗങ്ങളുടെ സഹായത്തോടെ വാര്‍ഡുകളില്‍ ഭവന സന്ദര്‍ശനം നടത്തി 850 കൃഷിക്കൂട്ടങ്ങള്‍ സംഘടിപ്പിച്ചു. വാര്‍ഡില്‍ അഞ്ചു വീതം ഉത്തമകൃഷി കുടുംബങ്ങളെയും തെരഞ്ഞെടുത്തു.
ഇവര്‍ക്ക് ആവശ്യമായ വിത്തുകള്‍ നല്‍കി പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിന് പുറമെ തരിശുഭൂമിയില്‍ പച്ചക്കറി കൃഷി നടത്തുന്നതിന് കുടുംബശ്രീകള്‍ക്കും ഇതര സംഘടനകള്‍ക്കും സഹായവും പ്രോത്സാഹനവും നല്‍കാനും പദ്ധതിയുണ്ട്. കൂടാതെ ജൂലൈ 16 മുതല്‍ ഇലക്കറി വാരാചരണവും കൃഷി വകുപ്പ് നേതൃത്വത്തില്‍ നടത്തി വരുകയാണ്.
ഇലയറിവ്, ഇലവര്‍ഗച്ചെടികളുടെ ഗുണങ്ങള്‍, ഇലക്കറികള്‍ ഭക്ഷണത്തിന്‍റെ ഭാഗമാക്കുന്നതിന്‍റെ ആവശ്യകത എന്നിവ വ്യക്തമാക്കി കൃഷി വകുപ്പ് ബോധവത്കരണ പരിപാടികളും നടത്തിവരുന്നുണ്ട്. ഭക്ഷണമാണ് ആരോഗ്യം എന്ന സന്ദേശമാണ് ഇതുവഴി നല്‍കുന്നത്. ഓണം കഴിയുന്നതോടെയാണ് ഇടുക്കിയിലെ പച്ചക്കറി വിളവെടുപ്പ് സീസണ്‍ ആരംഭിക്കുന്നത്. ഇത്തവണ കൂടുതല്‍ വിളവ് തന്നെ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കൃഷി വകുപ്പും കരുതുന്നത്.
വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാന്‍ കഴിയുന്ന മഴമറ കൃഷിക്കും ഇനിമുതല്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കാന്‍ ഉദ്ദേശിക്കുന്നതായി കൃഷി വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനവും കീടങ്ങളുടെ ആക്രമണവും കൃഷിയെ ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ മഴമറ കൃഷി വ്യാപകമാക്കാന്‍ ഉദ്ദേശിക്കുന്നത്. ജില്ലയില്‍ ഇതുവരെ 35 മഴമറ കൃഷി കൃഷിഭവനുകള്‍ വഴി ചെയ്യുന്നുണ്ട്.