വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ച് ലഹരി കടത്ത് സംഘത്തിന്റെ വന്‍ സാമ്ബത്തിക ഇടപാടുകള്‍
ഇടുക്കി: വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ച് ലഹരി കടത്ത് സംഘത്തിന്റെ വന്‍ സാമ്ബത്തിക ഇടപാടുകള്‍.
ഇത് സംബന്ധിച്ച് ഇടുക്കി ജില്ലാ നാര്‍ക്കോട്ടിക് വിഭാഗവും പോലീസും അന്വേഷണം തുടങ്ങി.
വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ബാങ്കില്‍ അക്കൗണ്ട് തുറക്കുകയാണ് ലഹരി കടത്ത് സംഘം ആദ്യം ചെയ്യുന്നത് തുടര്‍ന്ന് അക്കൗണ്ടുമായി ബന്ധപ്പെട്ടിട്ടുള്ള എടിഎം കാര്‍ഡ്, ചെക്ക് ലീഫ്, അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന സിം കാര്‍ഡ് എന്നിവ വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്നു. ഇതിന് പകരമായി അക്കൗണ്ട് കൈമാറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാസം 15,000 രൂപ മുതല്‍ 20,000 രൂപ വരെ പ്രതിഫലം നല്‍കുന്നു.
ഇടുക്കിയിലെ ഒരു വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടില്‍ ലഹരി സംഘം നടത്തിയത് 600 ലധികം ഇടപാടുകളാണ്. അക്കൗണ്ട് തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 10 ലക്ഷം രൂപയുടെ ഇടപാട് നടന്നതാണ് ബാങ്ക് അധികൃതര്‍ക്കിടയില്‍ സംശയം ഉണ്ടാക്കിയത്.അധികൃതര്‍ പോലീസിനെ സമീപിച്ചതോടെയാണ് ലഹരി സംഘത്തിന്റെ കള്ളക്കളി മനസിലാവുന്നത്.
തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സമീപിച്ചപ്പോള്‍ സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അക്കൗണ്ട് ആരംഭിച്ചതെന്ന് വെളിപ്പെടുത്തി. പിന്നാലെ വിദ്യാര്‍ത്ഥിക്ക് ലഹരി ഇടപാട് സംഘത്തിന്റെ ഭീഷണി ലഭിച്ചു. പോലീസ് അന്വേഷണം തുടങ്ങിയതോടെ വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടിലുള്ള പണം സംഘം ഒരു പേടിഎം വാലറ്റിലേക്ക് മാറ്റിയെന്ന് പോലീസ് വ്യക്തമാക്കുന്നു.
സംഭവത്തില്‍ ആദായനികുതി വകുപ്പും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങളും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.